എൻഐആർഎഫ് റാങ്കിങ്ങില്‍ സംസ്ഥാനത്തിന് മികച്ച നേട്ടം; പൊതുസർവകലാശാലകളിൽ കേരളയ്ക്ക് അഞ്ചാം റാങ്ക്, ആറാം സ്ഥാനത്ത് കുസാറ്റ്

ആദ്യത്തെ 50ൽ കേരളത്തിൽ നിന്ന് നാല് സ്ഥാപനങ്ങളാണുള്ളത്
കേരള സർവകലാശാല, കുസാറ്റ്
കേരള സർവകലാശാല, കുസാറ്റ്
Published on

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ (എൻഐആർഎഫ്) കേരളത്തിലെ സ്ഥാപനങ്ങൾക്ക് മികച്ച നേട്ടം. രാജ്യത്തെ മികച്ച 10 പൊതു സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണ്. ആദ്യത്തെ 50ൽ കേരളത്തിൽ നിന്ന് നാല് സ്ഥാപനങ്ങളാണുള്ളത്.

ഓവറോൾ വിഭാഗത്തിൽ 42ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 25ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ അഞ്ചാം സ്ഥാനവും നേടി കേരള സർവകലാശാല മികച്ച പ്രകടനം കാഴ്ചവച്ചു. കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി സർവ്വകലാശാല (കുസാറ്റ്) ഓവറോൾ വിഭാഗത്തിൽ 50-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 32ാം റാങ്കും സംസ്ഥാന പൊതു സർവ്വകലാശാലകളിൽ ആറാം സ്ഥാനവും നേടി തൊട്ടുപിന്നിൽ. മഹാത്മാഗാന്ധി സർവകലാശാല (എംജിയു) ഓവറോൾ വിഭാഗത്തിൽ 79-ാം റാങ്കും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 43ാം റാങ്കും സംസ്ഥാന പൊതു സർവകലാശാലകളിൽ 17ാം റാങ്കും നേടി ശക്തമായ സാന്നിധ്യം നിലനിർത്തി. കാലിക്കറ്റ് സർവ്വകലാശാല മൊത്തത്തിൽ 151–200 ബാൻഡിലും യൂണിവേഴ്സിറ്റി വിഭാഗത്തിൽ 101–150 ബാൻഡിലും സംസ്ഥാന പൊതു സർവകലാശാലകളുടെ പട്ടികയിൽ 38ാം സ്ഥാനത്തും ഇടം നേടി. കണ്ണൂർ സർവകലാശാല സംസ്ഥാന പൊതു സർവകലാശാലകളുടെ വിഭാഗത്തിൽ 51–100 ബാൻഡിൽ സ്ഥാനം നേടി.

കേരള സർവകലാശാല, കുസാറ്റ്
സിന്‍ഡിക്കേറ്റ് യോഗത്തിലെ മിനുട്ട്‌സ് തിരുത്തിയെന്നത് വസ്തുതാവിരുദ്ധം; മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി കേരള വിസി

എന്‍ഐആർഎഫ് 2025 ലെ കോളേജുകളുടെ റാങ്കിങ്ങിൽ കേരളം ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആകെ 74 സ്ഥാപനങ്ങളില്‍ ആദ്യ 300ൽ ഇടം നേടി. കഴിഞ്ഞ തവണ 16 കോളേജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നത്. അത് ഇത്തവണ 18 ആയി ഉയർന്നു.

1–100 റാങ്കിൽ, കേരളത്തിൽ 18 കോളേജുകളുള്ളതിൽ നാല് എണ്ണം സർക്കാർ സ്ഥാപനങ്ങളാണ്. 101–150 ബാൻഡിൽ, 5 ഗവൺമെന്റും 5 സ്വകാര്യ സ്ഥാപനങ്ങളും ആയി തുല്യമായി വിഭജിച്ചിരിക്കുന്ന 10 കോളേജുകളുണ്ട്. 151–200 ബാൻഡിൽ, 3 ഗവൺമെന്റ് ഉൾപ്പെടെ ഒന്‍പത് കോളേജുകൾ ഉൾപ്പെടുന്നു. 201–300 ബാൻഡിൽ, ആറ് ഗവൺമെന്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ 37 കോളേജുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ, കേരളത്തിൽ 18 ഗവൺമെന്റ് കോളേജുകളും 56 സ്വകാര്യ കോളേജുകളും മികച്ച 300ൽ ഇടം നേടിയിട്ടുണ്ട്.

കേരളം ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം നാം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു. നിലവിലെ പഠന - പരീക്ഷ - മൂല്യനിർണയ രീതികളിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നും, തൊഴിലിനും നൈപുണിക്കും ഗവേഷണത്തിനും മികച്ച പരിഗണന നൽകിയും കേരളം നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിസന്ധികൾ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാൻ ആയത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. സർവകലാശാല - കോളേജ് തല ഭരണനേതൃത്വം, അധ്യാപകർ, വിദ്യാർത്ഥികൾ, ഐക്യുഎസി, അനധ്യാപകർ എന്നിവരടങ്ങുന്ന അക്കാഡമിക് സമൂഹത്തെ അഭിവാദ്യം ചെയ്തു കൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

കേരള സർവകലാശാല, കുസാറ്റ്
"ചൂരലുമായി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ, സ്റ്റേഷനിൽ എത്തിക്കുന്നതിന് മുമ്പും മർദനം"; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ന്യൂസ് മലയാളത്തിന്

വിദ്യാർഥികളുടെ പങ്കാളിത്തം, അധ്യാപക വിദ്യാർഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാർഥികളുടെ എണ്ണം, തൊഴിൽ സാധ്യതകൾ, കലാകായിക മേഖലകളിലെ നേട്ടങ്ങൾ, ദേശീയവും അന്തർദേശീയവുമായ ബഹുമതികൾ, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാർഥി സൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങൾ മുതലായവ വിലയിരുത്തിയാണ് റാങ്കിങ് നിർണയിക്കപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com