മലപ്പുറം: കോട്ടക്കലിൽ വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു. വളപ്പിൽ സ്വദേശിയായ എട്ട് വയസുകാരനാണ് കടിയേറ്റത്. നായ വീട്ടിനകത്തേക്ക് കയറി കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാത്രി വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു കുട്ടി. വീട്ടുകാരുൾപ്പെടെ വീട്ടിലുള്ള സമയത്താണ് കുട്ടിയുടെ ഇടതുകാലിൽ കടിച്ചത്. കാലിന് സാരമായി പരിക്കേറ്റ കുട്ടി ചികത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് നാദാപുരത്തും തെരുവുനായ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. നായയുടെ കടിയേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പയന്തോങ്ങ്, കല്ലാച്ചി ടൗൺ, മൗവ്വഞ്ചേച്ചരിമുക്ക്, കല്ലാച്ചി ടാക്സി സ്റ്റാൻ്റ് പരിസരം എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. വഴിയാത്രക്കാർക്കും, ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും, പള്ളിയിൽ പ്രാർഥനയ്ക്ക് പോയവർക്കുമാണ് കടിയേറ്റത്.