കണ്ണൂർ: ജീവനെടുത്ത് സ്വകാര്യ ബസിന്റെ മരണപാച്ചിൽ. കണ്ണൂർ താണയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ( 19 ) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികനെ ഇടിച്ച് ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി. കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർഥിയെ ഇടിച്ചത്.
കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം നടക്കുന്നതിനിടയൊണ് അയൽ ജില്ലയായ കണ്ണൂരിൽ അത്തരത്തിൽ അപകടം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് പ്രതിഷേധം ശക്തമായത്.
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടഞ്ഞതോടെ യുവജന സംഘടനകളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. വാഹനം തടഞ്ഞു പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.