കൊല്ലം: തേവലക്കരയിൽ സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന് എതിരെ പ്രതിഷേധവുമായി ബിജെപി, ആർഎസ്പി പ്രവർത്തകർ. കടുത്ത ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.
ഇത് സംവിധാനത്തിൻ്റെ പിഴവാണെന്നും വലിയ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നതെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പ്രതികരിച്ചു. സർക്കാർ ഇത് മൂടിവെക്കാനുള്ള ശ്രമമല്ല നടത്തേണ്ടതെന്നും ശക്തമായ നടപടികളെടുക്കുകയാണ് വേണ്ടതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. അധികാര ദുർവിനിയോഗമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
സംഭവത്തില്‍ കുറ്റക്കാരെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു പ്രതികരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. നവകേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന സര്‍ക്കാര്‍ കേരളത്തിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ പറ്റിയും, വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും പരിശോധിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എന്നാൽ വേർപാട് ദുഖഃകരമാണെന്നും വീട്ടിലെ മകൻ നഷ്ടപ്പെട്ട സങ്കടമാണുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അനാസ്ഥയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പറഞ്ഞ വി. ശിവൻകുട്ടി, അനാസ്ഥയുണ്ടായെന്ന് കണ്ടെത്തിയാൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. സ്കൂൾ പ്രിൻസിപ്പൾ ഉൾപ്പെടെ അധ്യാപകർക്ക് എന്താണ് ജോലിയെന്നായിരുന്നു വി. ശിവൻകുട്ടിയുടെ ചോദ്യം. സ്കൂൾ തുറക്കും മുൻപായി പല തവണ യോഗം ചേർന്നിരുന്നു. എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞു നോട്ട് തന്നെ കൊടുത്തിട്ടുണ്ട്. വൈദ്യുതി കമ്പി സ്കൂൾ കോമ്പൗണ്ട് വഴി പോവാൻ പാടില്ലെന്ന് നിർദേശം നൽകിയത് ആണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സ്കൂളിലെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ(13) മരിച്ചത്. കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനടെയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇതെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം കുട്ടി ഷെഡിന് മുകളിലേക്ക് ഇറങ്ങി. എന്നാല്‍ ഷീറ്റിന് മുകളിലൂടെ പോവുന്ന വൈദ്യുത കമ്പിയില്‍ തട്ടി കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.