ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാർഥി ആശുപത്രിയിൽ
കോഴിക്കോട് താമരശേരിയിൽ ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനു സമീപത്തെ പറമ്പിൽ നിന്നുമാണ് കുട്ടി വിഷക്കായ കഴിച്ചത്.
ചുണ്ട് തടിച്ചു വരികയും, ദേഹാസ്വസ്ത്യം അനുഭവപ്പെടുകയും ചെയ്തതോടെ കുട്ടിയെ താമരശേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂട്ടുകാർക്ക് ഒപ്പമാണ് അഭിഷേക് വിഷക്കായ കഴിച്ചത്.
അതേസമയം, സമാന രീതിയിൽ വിഷക്കായ കഴിച്ച മൂന്നു പേർ കൂടി ആശുപത്രിയിൽ ചികിത്സ തേടി. താമരശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ചുണ്ടിലും, മുഖത്തും വീക്കവും, ദേഹത്ത് ചൊറിച്ചിലും വന്നതിനെ തുടർന്നാണ് മൂന്നു പേർ ചികിത്സ തേടിയത്. വട്ടോളി എം.ജെ. ഹൈസ്കൂൾ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഞാവൽ പഴം എന്നു കരുതി ചേരു മരത്തിൻ്റെ പഴമായിരുന്നു ഇവർ കഴിച്ചത്. മൂന്നുപേരും നേരത്തെ ചികിത്സ തേടിയ ഒരാളും ഒന്നിച്ചായിരുന്നു പഴം കഴിച്ചത്. കഴിഞ്ഞ ദിവസവും രണ്ടു കുട്ടികൾ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.