തിരുവനന്തപുരം: പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സഹായിയാകാൻ റോബോട്ട് നിർമിച്ചിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി സ്‌കൂളിലെ വിദ്യാർഥികൾ. റിസപ്ഷനിസ്റ്റായും സംശയനിവാരണ സഹായി ഒക്കെയായും ഈ എഐ ഹ്യൂമനോയിഡ് റോബോട്ട് ഒപ്പമുണ്ടാകും. ടെക്കോസ റോബോട്ടിക്ക്സുമായി സഹകരിച്ചാണ് റോബോട്ട് നിർമിച്ചിരിക്കുന്നത്.
അധ്യാപനം, സംശയ നിവാരണം, വിദ്യാർഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ. അങ്ങനെ എന്തിനും ഏതിനും സരസ്വതി സ്‌കൂളിൽ ഈ റോബോട്ട് ഉണ്ടാകും. കുട്ടികളുടെ ആശയമാണ് ടെക്കോസ കമ്പനി റോബോട്ടാക്കി മാറ്റിയത്. ഏത് ചോദ്യങ്ങൾക്കും ഉത്തരവുമായി സ്‌കൂളിൽ ഇനി റോബോട്ട് ഉണ്ടാകും. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ആണ് റോബോട്ട് സ്‌കൂളിന് സമർപ്പിച്ചത്.
അധ്യാപകർ ക്ലാസിൽ ഇല്ലാത്ത സമയത്ത് കുട്ടികളെ നിരീക്ഷിക്കാനും റോബോട്ട് ഉണ്ടാകും. കുട്ടികൾ തമ്മിൽ സംഘർഷമുണ്ടായാൽ വിലക്കാൻ തക്ക ശേഷിയും നിർമിത ബുദ്ധിയിലെ ഈ റോബോട്ടിനുണ്ട്. ഇതിന് പുറമെ വേണമെങ്കിൽ റിസപ്ഷനിസ്റ്റാകാനും ഈ റോബോർട്ടിന് മടിയില്ല.