ഇതാണ് ജെൻ സി! കോഴിക്കോട് കൂട്ടുകാരന് വീടൊരുക്കാനായി തട്ടുകട നടത്തി വിദ്യാർഥികൾ

മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് കൂട്ടുകാരന് വീട് നിർമിച്ചു നൽകാനായി തട്ടുകട ഒരുക്കിയത്
കുട്ടികളുടെ തട്ടുകട
കുട്ടികളുടെ തട്ടുകടSource: News Malayalam 24x7
Published on

കോഴിക്കോട്: മാവൂരിൽ സഹപാഠിക്ക് വീടൊരുക്കാൻ തട്ടുകട നടത്തി വിദ്യാർഥികൾ. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് കൂട്ടുകാരന് വീട് നിർമിച്ചു നൽകാൻ, സ്കൂൾ കലോത്സവ ദിവസങ്ങളിൽ തട്ടുകട നടത്തി പണം കണ്ടെത്തിയത്. ഇവർക്കു കൂട്ടായി രക്ഷിതാക്കളും അധ്യാപകരും കൂടി ഒന്നിച്ചത് വലിയൊരു സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പായി.

'ബന്നോളി, തിന്നോളി, തന്നോളി, പൊയ്ക്കോളി'- ഇതൊരു തമാശ പറച്ചിലോ ആരെയും ആകർഷിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രമോ അല്ല. ഈ വാക്കുകളിലൂടെ തങ്ങളുടെ കൂട്ടുകാരനായി ഭവനമൊരുക്കുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. മാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളാണ് കൂടെ പഠിക്കുന്ന വീടില്ലാത്ത കൂട്ടുകാരന് വീട് ഒരുക്കുന്നതിന് ഇങ്ങനെയൊരു തട്ടുകട ആരംഭിച്ചത്. സ്കൂളിലെ കലോത്സവ ദിവസങ്ങളിലാണ് തട്ടുകട നടത്തി പണം കണ്ടെത്തിയത്.

കുട്ടികളുടെ തട്ടുകട
മോഹന്‍ലാല്‍ കൊച്ചിയിലെത്തി; ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് പ്രിയ നടന്‍

ഒരുഭാഗത്ത് ഡാൻസും പാട്ടും മേളവും ഒപ്പനയുമൊക്കെ കത്തി കയറുമ്പോൾ മറ്റൊരു ഭാഗത്ത് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി കൂട്ടുകാരന് വീട് ഒരുക്കാൻ പണം കണ്ടെത്തുകയായിരുന്നു ഈ എൻഎസ്എസ് വോളണ്ടിയർമാർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി വീടുകളാണ് മാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ഇങ്ങനെ പലസംരംഭങ്ങളും നടത്തി സ്നേഹ ഭവനം പദ്ധതിയിലൂടെ നിർമ്മിച്ചു നൽകിയത്. കഴിഞ്ഞവർഷം സ്കൂളിലെ വിദ്യാർഥിക്ക് വേണ്ടി നിർമ്മിച്ച വീടിൻ്റെ പ്രവർത്തി പൂർത്തിയാക്കാൻ കൂടിയാണ് ഇത്തവണ വീണ്ടും തട്ടുകട ഒരുക്കിയത്.

നെയ്ച്ചോറും കപ്പ ബിരിയാണിയും, പാൽവാഴയ്ക്കയും മറ്റ് വിവിധതരം പലഹാരങ്ങളും എൻഎസ്എസ് വോളണ്ടിയർമാർ തട്ടുകടയിൽ ഒരുക്കി. ഒരുഭാഗത്ത് ഉപ്പിലിട്ടതിൻ്റെയും, കുലുക്കി സർബത്തിൻ്റെയും,നാരങ്ങ സോഡയുടെയും ,മിഠായികളുടെയും വിൽപന. എല്ലാം ഇവർ തന്നെയാണ് തയ്യാറാക്കിയത്. അധ്യാപകരും തങ്ങളാൽ കഴിയുന്ന പലഹാരങ്ങൾ തയ്യാറാക്കി നൽകി. കലോത്സവത്തിനെത്തിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പരിസരവാസികളുമൊക്കെ എൻഎസ്എസ് വോളണ്ടിയർമാരുടെ ഉദ്ദേശ ശുദ്ധിയറിഞ്ഞ് എല്ലാ രുചി വൈവിധ്യങ്ങളും പരീക്ഷിച്ചു നോക്കാൻ തട്ടുകടയിലെത്തി. കൂട്ടുകാരന് ഒരു വീട് ഒരുക്കുന്നതിലൂടെ ഇവരുടെ ഈ മാതൃക മറ്റുള്ളവരും ഏറ്റെടുക്കും എന്ന പ്രതീക്ഷയാണ് ഈ വിദ്യാർഥികൾക്കുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com