എറണാകുളം: കൊച്ചി തീരത്ത് മുങ്ങിയ എൽസ 3 ചരക്കുകപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ചയെ തുടർന്ന് പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായെന്ന് പഠനം. സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയുടെ (സിഎംഎൽആർഇ) പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മീനുകളുടെ ഭക്ഷണത്തിൽ ഇന്ധന സാന്നിധ്യം കണ്ടെത്തി. കപ്പലിലെ ഇന്ധനം സൂക്ഷ്മ ജീവികളുടെ ഉള്ളിൽ പ്രവേശിച്ചെന്നും പഠനത്തിൽ പറയുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
കപ്പലിലെ ഇന്ധനം വെള്ളത്തിൽ പടർന്നതോടെ, കപ്പൽ മുങ്ങിയ ഭാഗത്തെ പല സൂക്ഷ്മ ജീവികളും അപ്രത്യക്ഷമായെന്ന് പഠനത്തിൽ പറയുന്നു. മത്സ്യങ്ങൾ ഭക്ഷിക്കുന്ന സുപ്ലാങ്ക്ടൺ എന്ന ജീവികളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മീനുകളുടെ പ്രജനനം നടക്കുന്ന കാലവർഷത്തിലായിരുന്നു അപകടം സംഭവിച്ചത്. ഇത് പ്രത്യാഘാതത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്.
സമീപപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മീൻമുട്ടകളും മീൻകുഞ്ഞുങ്ങളും നശിച്ച നിലയിലായിരുന്നു.നാഫ്തലിൻ അടക്കമുള്ള ഹൈഡ്രോകാർബണുകളുടേയും സാന്നിധ്യം സ്ഥിരീകരിച്ചു. രാസവസ്തുക്കൾ മത്സ്യങ്ങൾ വഴി മനുഷ്യരിലേക്കും എത്തുമെന്ന ആശങ്കയും റിപ്പോർട്ടിലുണ്ട്.
10 ദിവസം കടലിലൂടെ സഞ്ചരിച്ചായിരുന്നു സിഎംഎൽആർഇ പഠനം നടത്തിയത്. 23 ഇടങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു. രണ്ട് ചതുരശ്രമൈൽ വിസ്തീർണത്തിൽ എണ്ണപ്പാട ദൃശ്യമായിരുന്നെന്ന് പഠനത്തിൽ പറയുന്നു. മലിനവസ്തുക്കളെ അതിജീവിക്കാൻ ശേഷിയുള്ള ചില ജീവികൾ മാത്രമാണ് പ്രദേശത്ത് ജീവനോടെ ബാക്കിയുണ്ടായിരുന്നത്.കപ്പൽ മുങ്ങിയ ഭാഗത്ത് ഹൈഡ്രോകാർബണുകളെ വിഘടിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയ വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്. ഇതും മലിനീകരണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.