പാടാന്‍ പഠിപ്പിച്ചത് ജാനകിയമ്മയെന്ന് മനോ; അനുസ്മരിച്ച് സുജാതയും റോജി എം. ജോണും

തന്നെ തല്ലാനും തലോടാനും അര്‍ഹതയുള്ള വ്യക്തിയായിരുന്നു ജാനകിയമ്മയെന്നും ഗായകന്‍ മനോ
പാടാന്‍ പഠിപ്പിച്ചത് ജാനകിയമ്മയെന്ന് മനോ; അനുസ്മരിച്ച് സുജാതയും റോജി എം. ജോണും
Published on
Updated on

എറണാകുളം: വിഖ്യാത ഗായിക എസ്. ജാനകിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് ഗായകന്‍ മനോയും ഗായിക സുജാത മോഹനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണും. തന്നെ പാടാന്‍ പഠിപ്പിച്ചത് ജാനകിയമ്മയാണെന്നും എങ്ങനെ പാടണം എന്തിന് പാടണമെന്ന് പഠിപ്പിച്ചത് അവരാണെന്നും മനോ പറഞ്ഞു. തന്നെ തല്ലാനും തലോടാനും അര്‍ഹതയുള്ള വ്യക്തിയായിരുന്നു എസ്. ജാനകിയെന്നും മനോ അനുസ്മരിച്ചു.

ജാനകിയമ്മയുടെ വേര്‍പാട് ജീവിതത്തില്‍ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് തനിക്കുണ്ടാക്കിയതെന്ന് ഗായിക സുജാത. എസ്. ജാനകിക്കൊപ്പം താനും മകള്‍ ശ്വേതയും നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചാണ് അനുസ്മരണ കുറിപ്പ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. സ്വന്തം മക്കളെപ്പോലെ തങ്ങളെ സ്‌നേഹിച്ചിരുന്നു. നേടുന്ന ഓരോ വിജയത്തിലും ജാനകിയമ്മയുടെ സ്‌നേഹവും അനുഗ്രഹവും ഉണ്ടായിരുന്നുവെന്നും സുജാത അനുസ്മരണക്കുറിപ്പില്‍ പങ്കുവച്ചു.

ഇന്ത്യന്‍ സംഗീതത്തിനുണ്ടായ നഷ്ടമെന്ന് റോജി എം. ജോണ്‍. നാല്‍പ്പത്തിയെട്ടായിരത്തിലേറെ ഗാനങ്ങള്‍ പാടിയ ശബ്ദം ഇല്ലാതായത് തീരാനഷ്ടമാണ്. മലയാളി തങ്ങളുടെ സ്വന്തമെന്ന് പറഞ്ഞ അമ്മയാണ് ഇല്ലാതായതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

പാടാന്‍ പഠിപ്പിച്ചത് ജാനകിയമ്മയെന്ന് മനോ; അനുസ്മരിച്ച് സുജാതയും റോജി എം. ജോണും
"എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം"; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിയായിരുന്നു ജാനകിയമ്മ. മലയാളിയുടെ ആത്മാവില്‍ ഇത്രയും മധുരവും ഊര്‍ജസ്വലവും ആഹ്‌ളാദഭരിതവുമായ മറ്റൊരു ശബ്ദം വേറെയില്ലെന്നും അദ്ദേഹം തന്റെ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍വച്ചാണ് എസ്. ജാനകിയുടെ അന്ത്യം സംഭവിച്ചത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

News Malayalam 24x7
newsmalayalam.com