
ആത്മഹത്യ ചെയ്ത വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്‍ത്ത് കെപിസിസി. 63 ലക്ഷം രൂപയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്.
സെപ്തംബര്‍ 30ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞിരുന്നു. ഇതൊന്നും കുടുംബത്തിന്റെ ബാധ്യയല്ലെന്നും പാര്‍ട്ടിയ്ക്കു ഉണ്ടായ ബാധ്യതയാണെന്നും പത്മജ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒത്തു തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടിന് ഡിസിസിക്ക് മുന്നില്‍ സമരം നടത്തുമെന്നും പത്മജ അറിയിച്ചിരുന്നു.
വിഷയത്തില്‍ എന്‍.എം. വിജയന്റെ കുടുംബം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സംസാരിച്ചത് കരുതലോട് കൂടിയാണ്. വിഷമിക്കേണ്ട, ശക്തരായി മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും പത്മജ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് തങ്ങളുടെ വീട് നിര്‍മിച്ചതെന്നും, എന്‍.എം. വിജയന്റെ കത്ത് കളവാണെന്ന് നേതൃത്വത്തില്‍ നിന്നുള്ള ആരെങ്കിലും പറയണമെന്നും നേരത്തെ കുടുംബം നേരത്തെ പറഞ്ഞിരുന്നു.
എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ ബാധ്യത കെപിസിസി ഏറ്റെടുക്കുമെന്നും അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ അറിയിച്ചിരുന്നു. ബാധ്യത തീര്‍ക്കാന്‍ ധാര്‍മികമായ ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും എന്നാല്‍ അത് നിയമപരമായ ബാധ്യതയല്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.
അതേസമയം, കെപിസിസി കുടിശ്ശിക അടച്ച് തീര്‍ത്തെന്ന വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് എന്‍.എം. വിജയന്റെ മരുമകൾ പത്മജ. പാർട്ടിയോ ബാങ്കോ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടില്ല. കോൺഗ്രസിന്റ നീക്കം കടം തീർത്തില്ലെങ്കിൽ സമരം എന്ന് കുടുംബം പ്രഖ്യാപിച്ചതിന് പിന്നാലെയാണെന്നും പത്മജ പറഞ്ഞു. വാക്ക് പാലിക്കപ്പെടാതെ വന്നപ്പോഴാണ് മാധ്യമങ്ങളിൽ പ്രതികരിക്കേണ്ടി വന്നത്. വീടും സ്ഥലവും പണയം വയ്ക്കേണ്ടി വന്നത് പാർട്ടിക്ക് വേണ്ടി എന്ന് പിതാവ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നും പത്മജ.