തൊണ്ടി മുതലായ ഹാന്‍സ് മോഷണം; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം; സിപിഒ സബിത്തിനെ പിടികൂടാനായില്ല

സ്‌റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് സ്‌റ്റേഷനിലെ പൊലീസുകാരൻതന്നെ മോഷ്ടിച്ച സംഭവത്തിലാണ് നടപടി
തൊണ്ടി മുതലായ ഹാന്‍സ് മോഷണം; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം; സിപിഒ സബിത്തിനെ പിടികൂടാനായില്ല
Published on
Updated on

തൊണ്ടി മുതലായ ഹാന്‍സ് മോഷണം പോയ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റം. എസ്ഐ ഉള്‍പ്പെടെ 21 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്‌റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് സ്‌റ്റേഷനിലെ പൊലീസുകാരൻതന്നെ മോഷ്ടിച്ച സംഭവത്തിലാണ് നടപടി. ഇക്കഴിഞ്ഞ പത്തിനാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ ഹാൻസ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സബിത്തിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കോടതിയുടെ ഉത്തരവ് പ്രകാരം സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാന്‍സാണ് സബിത്ത് കടത്തിക്കൊണ്ടുപോയത്. സെപ്റ്റംബർ പത്തിന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് തൊണ്ടി മുതല്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്തിരുന്നില്ല. ഇതോടെ, അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന സംശയം ഉയർന്നു. അന്വേഷണം സ്റ്റേഷനിലെ പൊലീസുകാരിലേക്ക് നീണ്ടു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചാക്കുകൾ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തില്‍ സബിത്തിന് പങ്കുള്ളതായി കണ്ടെത്തിയത്.

തൊണ്ടി മുതലായ ഹാന്‍സ് മോഷണം; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം; സിപിഒ സബിത്തിനെ പിടികൂടാനായില്ല
മുടി വളർത്താനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്; അതിന്റെ പേരില്‍ അധ്യാപകര്‍ ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ

സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലായിരിക്കാം ഹാന്‍സ് ചാക്കുകള്‍ സ്റ്റോര്‍ റൂമില്‍നിന്ന് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്തിനൊപ്പം, അന്വേഷണ വിധേയമായി സബിത്തിനെ സസ്പെന്‍ഡും ചെയ്തിരുന്നു. എന്നാല്‍ കേസെടുത്തതിനു പിന്നാലെ ജില്ല വിട്ടെന്നു കരുതുന്ന സബിത്തിനെ ഇനിയും പിടികൂടാനായിട്ടില്ല.

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തൊണ്ടി മുതലെന്ന നിലയില്‍ ഇവ സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചത്. സബിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്റ്റോര്‍ റൂമിലെ തൊണ്ടി മുതലുകളുടെ സുരക്ഷ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com