കോഴിക്കോട്: ബഹിരാകാശത്ത് അറുന്നൂറിലധികം ദിവസങ്ങൾ ചെലവഴിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന് വൻ വരവേൽപ്പാണ് കോഴിക്കോട് നൽകിയത്. ഇവിടെ ആയിരിക്കുമ്പോൾ തനിക്ക് വീട്ടിൽ എത്തിയതു പോലെയാണ് തോന്നുന്നതെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒൻപതാം പതിപ്പിൻ്റെ വേദിയിൽ എത്തിയ സുനിത വില്യംസ് പറഞ്ഞു. മാധ്യമപ്രവർത്തക പ്രീതി ചൗധരി മോഡറേറ്റർ ആയ 'ഡ്രീംസ് റീച്ച് ഓർബിറ്റ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സുനിത വില്യംസ്.
കോഴിക്കോടിൻ്റെ സ്വീകരണം കണ്ട് മനം നിറഞ്ഞ സുനിത വില്യംസ് 'വളരെ അദ്ഭുതം തോന്നുന്നു' എന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. സുനിത വില്യംസിൻ്റെ ഏറ്റവും അവസാനത്തെ ബഹിരാകാശ യാത്രയായിരുന്നു സെഷനിലെ പ്രധാന ചർച്ച. എട്ടു ദിവസത്തെ പരീക്ഷണ പറക്കൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഏകദേശം ഒമ്പതു മാസത്തോളം നീണ്ടു പോയി. ഡോക്കിങ്ങിനിടെ ബഹിരാകാശ പേടകത്തിൻ്റെ ത്രസ്റ്ററുകൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.
ആദ്യ ബഹിരാകാശ യാത്രയ്ക്കു മുമ്പായി തൻ്റെ പിതാവുമായി നടത്തിയ സംഭാഷണം ഓർത്തെടുത്തു കൊണ്ട് സുനിത വില്യംസ് സംസാരിച്ചു തുടങ്ങി. യാത്രയ്ക്ക് മുമ്പായി, 'ഇന്ത്യയിലെ മുഴുവൻ ആളുകളും നിനക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ട്' എന്നാണ് പിതാവ് പറഞ്ഞത്. ബഹിരാകാശത്ത് നിന്ന് മടങ്ങി എത്തിയതിനു ശേഷം, ഇന്ത്യയിലെ സ്കൂളുകളിൽ തൻ്റെ ഫോട്ടോ പ്രദർശിപ്പിച്ചത് കണ്ടപ്പോഴാണ് ആ പറഞ്ഞതിൻ്റെ പൂർണമായ അർത്ഥം തനിക്ക് മനസ്സിലായതെന്നും സുനിത വില്യംസ് പറഞ്ഞു.
സുനിത വില്യംസിൻ്റെ ഏറ്റവും അവസാനത്തെ ബഹിരാകാശ യാത്രയായിരുന്നു സെഷനിലെ പ്രധാന ചർച്ച. എട്ടു ദിവസത്തെ പരീക്ഷണ പറക്കൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഏകദേശം ഒമ്പതു മാസത്തോളം നീണ്ടു പോയി. ഡോക്കിങ്ങിനിടെ ബഹിരാകാശ പേടകത്തിൻ്റെ ത്രസ്റ്ററുകൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.ഇനിയും ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആഗ്രഹമുണ്ട് പക്ഷേ ഇനി ഭാവി തലമുറ ആസ്വദിക്കട്ടെ എന്നായിരുന്നു സുനിത വില്യംസിൻ്റെ മറുപടി.