കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവർത്തകർക്ക് മാർഗനിർദേശവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങരുത്. സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള പൂർണ ചുമതല ഹൈക്കമാൻഡിനാണ്. പാർട്ടി ഘടകങ്ങൾക്കോ നേതാക്കൾക്കോ അഭിപ്രായമുണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ല. അത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമാണ് എന്നും സണ്ണി ജോസഫ് അറിയിച്ചു.
പരസ്യയോഗങ്ങളും പ്രസ്താവനകളും ഒരു കാരണവശാലും അനുവദിക്കില്ല. സംസ്ഥാന നേതൃത്വമാണ് യുഡിഎഫ് സീറ്റ് വിഭജനം തീരുമാനിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ പാർട്ടിക്ക് വിരുദ്ധമായ നീക്കങ്ങൾ ഉണ്ടാകരുത് എന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.