
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന. 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങളാണ് ഇന്ന് മാത്രം വിറ്റഴിച്ചത്. ഇതോടെ ഇതുവരെ 319.3 കോടി രൂപയുടെ വില്പനയാണ് ഓണക്കാലത്ത് നടന്നത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന കൂടിയാണ് ഇന്നത്തേത്. കഴിഞ്ഞ ഓണത്തിന് 183 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.
300 കോടി വിൽപ്പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. ഇന്നു മാത്രം 49 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയിൽ എത്തിയത്. ഓഗസ്റ്റ് 29വരെ 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിൽപ്പനശാലകൾ സന്ദർശിച്ചത്.
സാധനങ്ങള്‍ പരമാവധി വില കുറച്ച് നല്‍കുന്നത് ജനങ്ങൾക്ക് ആശ്വാസമാകുന്നു. വെളിച്ചെണ്ണ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ മികച്ച ഇടപെടലാണ് നടത്തിയത്. 457 രൂപ വിലയുള്ള കേരയുടെ വില 429 രൂപയിലേക്ക് കുറച്ചു. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നല്‍കിയിരുന്നത് 339 രൂപയായും സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയില്‍ നിന്നും 389 രൂപയായും കുറച്ചാണ് വിൽക്കുന്നത്.
ഓണത്തിനായി രണ്ടര ലക്ഷം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡൊന്നിന് എട്ട് കിലോ അരിയാണ് സബ്സിഡി നിരക്കില്‍ നൽകുന്നത്. കാര്‍ഡൊന്നിന് 20 കിലോ പച്ചരി, പുഴുക്കലരി 25 രൂപ നിരക്കില്‍ അധിക അരിയായും ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയാക്കി. 250 ലധികം ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നൽകുന്നു. സപ്ലൈക്കോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് കൂപ്പണുകൾക്കും മികച്ച പ്രതികരണമാണ്.