
യെമന്‍ പൗരനെ കൊല്ലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇടപെട്ട് സുപ്രീംകോടതി. ഇതുവരെ എടുത്ത നടപടികൾ അറിയിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. കേസിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച കേസിൽ വിശദമായ വാദം നടക്കും.
നിമിഷപ്രിയയുടെ വധശിക്ഷയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന് നയതന്ത്ര ഇടപെടലിന് നിർദേശം നൽകണം എന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. ഹർജി സുപ്രീംകോടതി 14ന് വീണ്ടും പരിഗണിക്കും.
വധശിക്ഷ ഒഴിവാക്കാൻ തീവ്ര ശ്രമങ്ങളുമായി കേന്ദ്ര സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട ഗവർണർ രാജേന്ദ്ര ആർലേക്കർ, യെമന്റെ ചുമതലയുള്ള വിദേശകാര്യ വകുപ്പിലെ ഗൾഫ് ഡിവിഷൻ അഡിഷണൽ സെക്രട്ടറി അസീം ആർ മഹാജനുമായി സംസാരിച്ചു. കേന്ദ്രസർക്കാർ പ്രതിനിധികൾ അടക്കമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തിവരുകയാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നു.
നിമിഷ പ്രിയയുടെ മോചനം അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയം എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന പ്രതീക്ഷയിലാണ് ഗവർണറെ നേരിൽ കണ്ടത്. അവസാന നിമിഷം വരെ പരിശ്രമിക്കാം. മറ്റ് നേതാക്കളെയും കാണാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് വരെ ഫലം കാണാത്തത് വേദന നൽകുന്നത് എന്നും ഹലോ മലയാളം ലീഡേഴ്സ് മോണിംഗിൽ ചാണ്ടി ഉമ്മൻ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ഇനി ഉള്ളത് ഒരാഴ്ച്ച സമയം മാത്രമാണ്. ദിയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. 2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ അത് യെമനില്‍ ക്ലിനിക്ക് തുടങ്ങുന്നതിന് ലൈസന്‍സ് സംഘടിപ്പിക്കാന്‍ തയ്യാറാക്കിയ താല്‍ക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.
മാത്രവുമല്ല തലാല്‍ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും. ജയിലില്‍ നിന്ന് പുറത്തുവന്നതോടെ തലാല്‍ കൂടുതല്‍ ഉപദ്രവകാരിയായി മാറുകയായിരുന്നു.
ഒടുവില്‍ ജീവിന് ഭീഷണിയായതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്‌തേഷ്യക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയെ അറിയിച്ചത്. തലാലിന്റെ മൃതദേഹം നശിപ്പിക്കാന്‍ വഴികളില്ലാതെ വന്നതോടെ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലൊഴുക്കുകയായിരുന്നു.
കീഴ്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് നിമിഷയെ സഹായിച്ച യെമന്‍ സ്വദേശിയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ നേരത്തെ കോടതി പരിഗണിച്ചിരുന്നു. 70 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്നു പിന്മാറാന്‍ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല.
മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20ന് യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ടു തവണ അവര്‍ മകളെ ജയിലില്‍ ചെന്ന് കണ്ടിരുന്നു. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷ ഒഴിവാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു. 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു. 2024 ജൂലൈയില്‍ പണം കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാഘട്ടം പണം സമാഹരിക്കല്‍ തുടരാനായില്ല.