
കൊഴിക്കോട്: വഖഫ് ഭേദഗതി ബില്‍ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നുവെന്നും കാന്തപുരം മുസ്ലിയാർ അഭിപ്രായപ്പെട്ടു.
ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങള്‍ക്കും കരുത്ത് പകരുന്നതാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തു നിന്ന് ഇനിയും ഉണ്ടാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി ബില്ലിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഭേദഗതിയിലെ മൂന്ന് വ്യവസ്ഥകളെ ചോദ്യം ചെയ്തായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള രണ്ട് അംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വഖഫ് ഭേദഗതി നിയമത്തിൽ സെക്ഷൻ 3(1)(ആർ) ലെ വ്യവസ്ഥ ഏറെ വിവാദമായിരുന്നു. വഖഫ് സമർപ്പണത്തിന് ഒരാൾ അഞ്ച് വർഷം തുടർച്ചയായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതോടെ പുതുതായി ഇസ്ലാം മതം സ്വീകരിക്കുന്നവർക്കോ അമുസ്ലീങ്ങൾക്കോ വഖഫ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഈ വ്യവസ്ഥ പരിപൂർണമായും സ്റ്റേ ചെയ്തു.
സർക്കാർ ഭൂമി കൈയ്യേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയായിരുന്നു മറ്റൊന്ന്. ജില്ലാ കളക്ടർക്ക് പൗരരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പുകൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വികേന്ദ്രീകരണത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. വഖഫ് ബോർഡുകളിലേക്ക് അമുസ്ലീം അംഗങ്ങളെ നാമനിർദേശം ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ലെങ്കിലും അതിൽ കോടതി നിയന്ത്രണം ഏർപെടുത്തി.
സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീം ഇതരർ പരമാവധി മൂന്ന് പേർ മാത്രവും, കേന്ദ്ര വഖഫ് കൗൺസിലിൽ പരമാവധി നാല് പേർ മാത്രവും അമുസ്ലീങ്ങളാകാം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995ലെയും 2013ലെയും മുൻ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും അതിൽ വഖഫ് രജിസ്‌ട്രേഷനിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. മുസ്ലിം ഇതരർക്കും വഖഫ് ബോർഡ് അംഗങ്ങളാകാമെങ്കിലും എക്‌സ് ഒഫിഷ്യോ അംഗം മുസ്ലീം ആകണം. സിഇഒ മുസ്ലിം അയിരിക്കുന്നതാണ് ഉചിതമെങ്കിലും മുസ്ലീം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആയി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.