തൃശൂർ: വോട്ട് കൊള്ള വിവാദങ്ങൾക്കിടെ സുരേഷ് ഗോപി തൃശൂരിലെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളികളുമായാണ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ സുരേഷ് ഗോപിയെ സ്വീകരിച്ചത്. എന്നാൽ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ സുരേഷ് ഗോപി മൗനം പാലിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, 'ഇത്രയും സഹായിച്ചതിന് നന്ദി' എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് സുരേഷ് ഗോപി നൽകിയത്.
വന്ദേഭാരത് എക്സ്പ്രസിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. പൊലീസ് കാവലിലായിരുന്നു മന്ത്രിയെ റെയില്‍വേ സ്‌റ്റേഷന് പുറത്തെത്തിച്ചത്. സുരേഷ് ഗോപിയെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ കെ കെ അനീഷ് കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്റ്റേഷനിൽ ഒത്തുകൂടിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ശേഷം സുരേഷ് ഗോപി നേരെ പോയത് കഴിഞ്ഞദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനാണ്.
അതേസമയം തൃശ്ശൂരിലെ വോട്ടർ പട്ടികയിലെ ഗുരുതര ക്രമക്കേടുകളുടെ വിവരങ്ങൾ നിരന്തരം പുറത്തുവരുമ്പോൾ ആരോപണങ്ങളോട് പരിഹസിച്ചൊഴിയുകയാണ് ബിജെപി നേതൃത്വം. ഫ്ലാറ്റുകളിലെ വോട്ട് ചേർക്കലിൽ ക്രമവിരുദ്ധതയൊന്നും കാണുന്നില്ല എന്ന വിചിത്ര ന്യായീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉയർത്തുന്നത്. ബിജെപി അറുപതിനായിരം വ്യാജവോട്ട് ചേർത്തെങ്കിൽ കോൺഗ്രസും സിപിഐഎമ്മും കെട്ടിത്തൂങ്ങി ചാവുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രനും പരിഹസിച്ചു.