Suresh Gopi
സുരേഷ് ഗോപി എംപിSource: Facebook/ Suressh Gopi

അമിത് ഷാ പങ്കെടുത്ത ബിജെപി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയില്ല; സ്വകാര്യ ചടങ്ങുകളിൽ സജീവമായി സുരേഷ് ഗോപി

പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ് ‌തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല.
Published on

ബിജെപിയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ സുരേഷ് ഗോപി എംപി. പാർട്ടിയുടെ സുപ്രധാന പരിപാടി ഒഴിവാക്കിയ സുരേഷ് ഗോപി കോട്ടയത്തെയും കൊച്ചിയിലെയും സ്വകാര്യ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.

മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ അമിത് ഷായോട് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സുരേഷ് ഗോപി നൽകുന്ന വിശദീകരണം. പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ് ‌തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല.

തിരുവനന്തപുരത്ത് കെജി മാരാർ ഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദമന്ത്രി അമിത് ഷാ. 2026-ൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തിൻ്റെ വികസനമാണ്. പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അതിന് തുടക്കം കുറിക്കുന്നതെന്നും അമിത് ഷാ പ്രസംഗത്തിൽ വ്യക്തമാക്കി.

Suresh Gopi
2026ൽ NDA കേരളത്തിൽ അധികാരത്തിൽ വരും: അമിത് ഷാ

വികസിത ഭാരതം എന്നുള്ളത് വികസിത കേരളത്തിൽ കൂടി സാധ്യമാകണം. വോട്ടു ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് കൊണ്ടുള്ള വികസനം വേണം സംസ്ഥാനത്ത് നടപ്പിലാക്കാനെന്നും അമിത് ഷാ പറഞ്ഞിരുന്നു. കേരള വികസനമാണ് ബിജെപിയുടെ ലക്ഷ്യം.

കോൺഗ്രസിനും സിപിഐഎമ്മിനും ജനങ്ങൾ നിരവധി അവസരം നൽകിയിട്ടുണ്ട്. എന്നാൽ സിപിഐഎമ്മിൻ്റെ ലക്ഷ്യം കേഡർ വികസനം മാത്രമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ത്രിപുരയിൽ ഇടതിനെ പുറത്താക്കിയാണ് ബിജെപി അധികാരത്തിൽ വന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം തമിഴ്നാട്ടിലും സർക്കാർ ഉണ്ടാക്കുമെന്നും അമിത് ഷാ പ്രസംഗത്തിൽ സൂചിപ്പിച്ചു.

വോട്ട് ശതമാനം വർധിച്ചതിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ അമിത് ഷാ ഇത് സ്വപ്നം സാഫല്യമാകുന്നതിനുള്ള സമയമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. സഹകരണ ബാങ്ക്, എക്സാലോജിക്, പിപിഇ കിറ്റ് സ്വർണക്കടത്ത് അഴിമതി ഇങ്ങനെ നീളുന്നുവെന്നും അമിത് ഷാ വിമർശിച്ചു.

News Malayalam 24x7
newsmalayalam.com