

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വേഗത്തിലാക്കിയത് അതിജീവിതയുടെ ശബ്‌ദസന്ദേശം. അറസ്റ്റ് വൈകുന്നതില്‍ ആശങ്ക അറിയിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് കരഞ്ഞുകൊണ്ട് ശബ്ദസന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു പൊലീസ് തീരുമാനം മാറ്റിയത്.
കേസിൽ രാഹുലിൻ്റെ മൊഴി എടുത്തതിന് ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണസംഘത്തിൻ്റെ ആദ്യ തീരുമാനം. എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണസംഘം പ്രഥമ പരിഗണന നൽകി. ഇതേതുടർന്നാണ് ഇന്ന് പുലർച്ചയോടെ രാഹുലിനെ പാലക്കാട് നിന്നും എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ തന്നെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാഹുലിനെ അറസ്റ്റ് ചെയ്ത വാർത്ത പുറത്തുവന്നതോടെ യുവമോർച്ച പ്രവർത്തകരും ഡിവൈഎഫ്ഐക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാഹുലിൻ്റെ കോലം കത്തിച്ച് കൊണ്ടായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്. അറസ്റ്റിന് പിന്നാലെ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
പ്രതി സ്ഥിരം കുറ്റവാളി ആണെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. രാഹുൽ മുമ്പ് പ്രതിയായ കേസുകളിൽ പരാതിക്കാരെ സൈബർ ബുള്ളിയിങ് ചെയ്ത് മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും, അതിജീവിതമാരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി അധിക്ഷേപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ അതിജീവിതയുടെ ജീവന് തന്നെ ആപത്താണ്. നിയമനടപടികളെ വെല്ലുവിളിച്ച് ഒളിവിൽ പോയ പ്രതിയാണ് രാഹുലെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
അറസ്റ്റിൻ്റെ സമയം പ്രതിയിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൻ്റെ ലോക്ക് പറഞ്ഞു തരാൻ വിസമ്മതിച്ചു. പ്രതി അന്വേഷണത്തോട് സഹകരിച്ചിട്ടില്ല. രാഹുൽ ധാരാളം ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നുണ്ട്. അവ കണ്ടെത്തുവാൻ പൊലീസിന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ട്. കുറ്റകൃത്യം നടത്തുന്ന സ്ഥലങ്ങളിൽ എത്തിച്ച് അന്വേഷണം നടത്താൻ രാഹുലിനെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.