

കണ്ണൂർ:കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തിയത് അജ്ഞാത മൃതദേഹമെന്ന് സംശയം. കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കിയ മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്. പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ല. സംശയം തോന്നിയതോടെ പള്ളിയിൽ നിന്ന് പൊലീസിനെ വിവരം അറിയിച്ചുവെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം ഉണ്ട്. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.