ജമാഅത്തെ ഇസ്ലാമിയെ ആര് വെള്ളപൂശിയാലും അംഗീകരിക്കാന്‍ സുന്നികള്‍ക്കാവില്ല; വി.ഡി. സതീശന്റെ നിലപാട് അത്ഭുതപ്പെടുത്തി; SYS നേതാവ്

"പിഴച്ച പ്രസ്ഥാനമാണ് എന്നാണ് ജമാഅത്തെ ഇസ്ലാമിയെ സമസ്ത പറയാറുള്ളത്. അവരുമായി യാതൊരു സന്ധിയും ഉണ്ടാവില്ല"
Mustafa Mundupara
മുസ്തഫ മുണ്ടുപാറSource: News Malayalam 24X7
Published on

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദമില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദം തള്ളി എസ്.വൈ.എസ് നേതാവ്. ജമാഅത്തെ ഇസ്ലാമിയെ ആര് വെള്ള പൂശിയാലും അത് അംഗീകരിക്കാന്‍ സുന്നികള്‍ക്ക് സാധിക്കില്ലെന്ന് സുന്നി യുവജന സംഘം സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്ക് മത രാഷ്ട്രവാദമില്ലെന്ന വി.ഡി. സതീശന്റെ നിലപാട് സമസ്തയെ അത്ഭുതപ്പെടുത്തിയെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. ന്യൂസ് മലയാളത്തിന്റെ ഹലോ മലയാളം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mustafa Mundupara
ഭാരതാംബ വിവാദത്തിൽ സർക്കാർ നിലപാടറിയിച്ച് മുഖ്യമന്ത്രി; ഗവർണർക്ക് കത്ത് നൽകി

സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസിക്ക് പിന്നാലെയാണ് ജമാഅത്ത് ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി SYS സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയും രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം സമുദായത്തിനകത്തേക്ക് കയറിപ്പറ്റാനുള്ള തന്ത്രമാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രവേശമെന്നും, അവരുമായി കൂട്ടുകൂടുന്നത് പരമ അബദ്ധമാണെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. വി.ഡി. സതീശന്റെ വാദത്തെ തള്ളിപ്പറയുന്നതിനോടൊപ്പം ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള വിമര്‍ശനം കടുപ്പിക്കുക കൂടിയാണ് സമസ്ത യുവജന നേതാവ്.

'ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാന്‍ രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് വിശ്വാസപരമായി സമസ്തയുടെ വിശ്വാസധാരയില്‍ നിന്നും വ്യതിചലിച്ചവരാണ് ജമാഅത്തെ ഇസ്ലാമിയും വഹാബി പ്രസ്ഥാനവും. അവരുടെ വിശ്വാസവും ആചാരവും അനുഷ്ഠാനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ജമാഅത്തെ ഇസ്ലാമി സ്ഥാപിതമായ കാലം മുതല്‍ തന്നെ ശക്തമായി പ്രതിരോധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത്. പിഴച്ച പ്രസ്ഥാനമാണ് എന്നാണ് ജമാഅത്തെ ഇസ്ലാമിയെ സമസ്ത പറയാറുള്ളത്. അവരുമായി യാതൊരു സന്ധിയും ഉണ്ടാവില്ല.

രണ്ടാമതായി അവരുടെ രാഷ്ട്രീയ നിലാപാട് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പരസ്പരം സ്‌നേഹിച്ച് മറ്റു വിഭാഗങ്ങളുമായി ഒന്നിച്ച് പോകുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അതിന് വിഘാതമുണ്ടാക്കുന്ന തരത്തില്‍ മുസ്ലീം സമുദായത്തെ മൊത്തത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍, അതൊരു തീവ്രവാദ പ്രസ്ഥാനമാണെന്നും വിഘടനവാദ പ്രസ്ഥാനമാണെന്നും സമൂഹത്തിന്റെ ഇടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് ജമാഅത്തെ ഇസ്ലാമിക്ക്. ആ പ്രസ്ഥാനത്തിന്റെ ആചാര്യന്‍ മൗലാനാ മൗദൂദി സാഹിബ് ആണ്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും ഒന്നും അവര്‍ അംഗീകരിക്കുന്നില്ലെന്ന് പറയുന്നുണ്ട്. അവരെ ആര് വെള്ളപൂശിയാലും ഉള്‍ക്കൊള്ളാന്‍ സുന്നികളെ സംബന്ധിച്ചിടത്തോളം സാധിക്കില്ല. വിഡി സതീശന്‍ പിന്തുണച്ച് സംസാരിച്ചത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ വെളിപ്പിച്ചെടുക്കാന്‍ ആര്‍ക്കാണ് കഴിയുക?,' മുസ്തഫ മുണ്ടുപാറ ചോദിച്ചു.

ലീഗിന് നേരെയും മുസ്തഫ മുണ്ടുപാറ ചോദ്യങ്ങള്‍ ഉയര്‍ത്തി. മുസ്ലീം ലീഗിനെതിരെ അടുത്തകാലം വരെ വിമര്‍ശിച്ചവരാണ് ജമാഅത്തെ ഇസ്ലാമി. അതൊക്കെ മറക്കാന്‍ ലീഗിന് കഴിയുമോയെന്നും മുസ്തഫ മുണ്ടുപാറ ചോദിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യുഡിഎഫ് പിന്തുണയില്‍ ഉമര്‍ ഫൈസി മുക്കം ഉയര്‍ത്തിയ വിമര്‍ശനവും മുസ്തഫ മുണ്ടുപാറ ആവര്‍ത്തിച്ചു. സമസ്തയുടെ രൂപീകരണ കാലം മുതല്‍ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്തു. മുസ്ലീം വിശ്വാസികള്‍ക്ക് അവരുടെ നിലപാട് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും മുസ്തഫ മുണ്ടുപാറ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഉമര്‍ ഫൈസിയുടെ ജമാഅത്തെ വിമര്‍ശനത്തില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com