
ആഗോള മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ഋതുക്കളിലൂടെയും സഞ്ചരിച്ചാണ് ടി.ജെ.എസ് ജോര്‍ജ് ജീവിതം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ എഡിറ്ററായ ടി.ജെ.എസ് സ്ഥാപിച്ച ഏഷ്യാവീക്ക് ആണ് സ്റ്റാര്‍ ഗ്രൂപ്പിന്റെ റൂപര്‍ട്ട് മര്‍ഡോക് വാങ്ങിയത്.
ആഗോള മാധ്യമപ്രവര്‍ത്തനത്തിന്റെ ജീവിച്ചിരിക്കുന്ന ചരിത്ര പുസ്തകമായിരുന്നു ഇതുവരെ ടി.ജെ.എസ് ജോര്‍ജ്. ഒരു മലയാളിക്കു സ്വന്തം പ്രതിഭ കൊണ്ട് എവിടെയൊക്കെ കടന്നുചെല്ലാന്‍ കഴിയും എന്ന് ലോകത്തിനു കാണിച്ചു കൊടുത്തയാള്‍. ഓരോ വാര്‍ത്തയും ഭരിക്കുന്നവരെ നോവിക്കണം എന്നു പിടിവാശിയുണ്ടായിരുന്നയാള്‍. ഓരോ വാചകവും സാധാരണക്കാരുടെ നന്മയ്ക്കുവേണ്ടിയാകണം എന്നു കര്‍ശന ഉപാധി വെച്ചിരുന്നയാള്‍. മാധ്യമപ്രവര്‍ത്തനത്തിന് പോകാന്‍ കഴിയുന്ന വഴികളിലെല്ലാം ടി.ജെ.എസ് സഞ്ചരിച്ചു.
ഫ്രീ പ്രസ് ജേണലിലെ ട്രെയിനി ജേണലിസ്റ്റ് മുംബൈയില്‍ നിന്ന് ഒരു നാടോടിക്കപ്പലില്‍ കയറി യാത്രപോയി. ആറുമാസം കഴിഞ്ഞ് കടലനുഭവങ്ങളുടെ പുസ്തകമെഴുതി. ആ പുസ്തകത്തിന് തകഴി ശിവശങ്കരപ്പിള്ള ആമുഖമെഴുതി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രങ്ങള്‍ വരച്ചു. ബാല്‍ താക്കറെ കവര്‍ ചിത്രം രചിച്ചു. ചെന്നു തൊടുന്നിടത്തെല്ലാം ഇരുപതാം വയസ്സില്‍ തന്നെ പ്രതിഭയുടെ കയ്യൊപ്പു തെളിഞ്ഞുനിന്നു.
ഫ്രീപ്രസ് ജേണലിലെ തുടക്കകാലത്ത് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയായിരുന്നു സഹപ്രവര്‍ത്തകന്‍. ടിജെഎസിന്റെ എഴുത്തിന് ബാല്‍താക്കറെയുടെ വര എന്നായിരുന്നു അക്കാലം. കപ്പല്‍ യാത്ര കഴിഞ്ഞ് മടങ്ങിവന്ന് പാറ്റ്‌നയിലേക്ക്. അവിടെ സ്ഥാപിച്ച സേര്‍ച്ച് ലൈറ്റ് എന്ന പത്രം കോണ്‍ഗ്രസ് സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു. ഓരോ ദിവസവും സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ പുറത്തുവന്നു. മുഖ്യമന്ത്രി കെ.ബി. സഹായി ടി.ജെ.എസിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ജാമ്യമില്ലാതെ റിമാന്‍ഡിലായി.
കേരളത്തില്‍ നിന്ന് ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ പാറ്റ്‌നയില്‍ പറന്നിറങ്ങി. ബംഗാളില്‍ നിന്ന് ആര്‍എസ്പി പ്രവര്‍ത്തകരെ കൊണ്ടുവന്ന് പാറ്റ്‌നയില്‍ പടുകൂറ്റന്‍ റാലി നടത്തി. കേസ് കോടതിയിലെത്തിയപ്പോള്‍ ടി.ജെ.എസിന് വേണ്ടി ഹാജരായത് ഇന്ത്യയുടെ പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോന്‍ ആയിരുന്നു. നെഹ്‌റു കഴിഞ്ഞാല്‍ സര്‍ക്കാരിലെ രണ്ടാമത്തെയാള്‍ തന്നെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജയിലിലടച്ചയാള്‍ക്കു വേണ്ടി ഹാജരായി.
ജാമ്യം കിട്ടിയ ടി.ജെ.എസ് പിന്നെ സഞ്ചരിച്ചത് ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്ന രാജ്യാന്തര മാധ്യമത്തിലേക്ക്. ശേഷം ഹോങ്കോങ് സര്‍ക്കാരിനെ നക്ഷത്രമെണ്ണിച്ച ഏഷ്യാവീക്കിന്റെ സ്ഥാപക എഡിറ്റര്‍. രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആ മാസിക വാങ്ങിയത് സാക്ഷാല്‍ റൂപര്‍ട് മര്‍ഡോക്. മടങ്ങി ഇന്ത്യയില്‍ എത്തിയ ശേഷമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പോയിന്റ് ഓഫ് വ്യൂ എന്ന കോളം ആരംഭിക്കുന്നത്. അറുപത്തിയേഴാം വയസ്സില്‍ എഴുതിത്തുടങ്ങിയ ആ കോളം തൊണ്ണൂറ്റിരണ്ടാം വയസ്സുവരെ തുടര്‍ന്നു. ഇന്ത്യയുടെ രാഷ്ട്രീയത്തെ അതിനിശിതമായി വിമര്‍ശിക്കുന്ന മറ്റൊരു ജേണലിസ്റ്റും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.
തയ്യില്‍ തോമസ് ജേക്കബിന്റേയും ചാച്ചിയമ്മ ജേക്കബിന്റേയും മകനായി ജനിച്ച ടി.ജെ.എസ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാഭ്യാസത്തിനു ശേഷമാണ് മുംബൈയിലേക്ക് പത്രപ്രവര്‍ത്തനം ലക്ഷ്യമിട്ട് വണ്ടി കയറുന്നത്.
പത്രപ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല ആ മഹാപ്രതിഭ. വി.കെ കൃഷ്ണമേനോന്റെ വിമര്‍ശനാത്മകമായ ജീവിതചരിത്രം, നര്‍ഗീസ്, എംഎസ് സുബ്ബലക്ഷ്മി എന്നിവരുടെ ജീവിതചരിത്രങ്ങള്‍ തുടങ്ങിയവ രചിച്ചു. മലയാളത്തില്‍ സ്വാനുഭവങ്ങളുടെ 'ഘോഷയാത്ര' എന്ന പുസ്തകവും എഴുതി. സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ മുതല്‍ കണ്‍സള്‍ട്ടിങ് എഡിറ്ററായ ടി.ജെ.എസ് ജോര്‍ജ് ആ പദവിയില്‍ തുടരുകയായിരുന്നു. പത്മഭൂഷണ്‍ നല്‍കി രാജ്യവും സ്വദേശാഭിമാനി പുരസ്‌കാരം നല്‍കി കേരളവും ആദരിച്ചു. ഭാര്യ അമ്മു ജോര്‍ജ് ഈ വര്‍ഷമാണ് വിടവാങ്ങിയത്. ടി.ജെ.എസിന്റെ ജീവിതത്തെക്കുറിച്ച് മകന്‍ ജീത് തയ്യില്‍ എഴുതിയ 'ദി എല്‍സ് വെയറിയന്‍സ്'എന്ന പുസ്തകം രണ്ടുമാസം മുന്‍പാണ് പുറത്തിറങ്ങിയത്.