വയനാട്: കള്ള വോട്ടിന്റെയും ഇരട്ട വോട്ടിന്റെയും ഇരയാണ് താനെന്ന് ടി. സിദ്ദീഖ് എംഎല്‍എ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ആരോപണം ബിജെപിയെ സഹായിക്കാനാണെന്നും സിദ്ദീഖ് വിമർശിച്ചു.
ടി. സിദ്ദീഖിന് പെരുമണ്ണ പഞ്ചായത്തിലും വയനാട് ജില്ലയിലെ കല്‍പ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. എന്നാല്‍, ഇത് കേവലം സാങ്കേതിക പ്രശ്നമാണെന്നും വോട്ട് മാറ്റണം എന്ന് ആവശ്യപെട്ടിട്ടുണ്ടെന്നും എംഎല്‍എ വിശദീകരിച്ചു. കെ. റഫീഖിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണ്. പാർട്ടി നേരിടുന്ന ആഭ്യന്തര പ്രശ്നങ്ങൾ മറയ്ക്കുകയാണ് ഉദ്ദേശ്യമെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഇതുവരെ കള്ള വോട്ട് ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖ് പറഞ്ഞു. വോട്ട് വെട്ടേണ്ടത് ഇലക്ടറല്‍ ഓഫീസറാണ്. വോട്ടർ ഐഡി, ആധാർ ഒക്കെ അറ്റാച്ച് ചെയ്തിരുന്നുവെന്നും സിദ്ദീഖ് വ്യക്തമാക്കി. വോട്ട് മാറ്റാൻ ഓഫീസറോട് ആവശ്യപെട്ടിട്ടുണ്ട്. റഫീഖ് ബിജെപിയുടെ നാവായി മാറിയെന്നും ആരോപണം നിലനിൽക്കില്ല എംഎല്‍എ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ദീഖിനെതിരെ കെ. റഫീഖ് ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്, കള്ളവോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടര്‍ പട്ടികയുടെ തെളിവുകളടക്കം പങ്കുവച്ചുകൊണ്ടാണ് റഫീഖിന്റെ കുറിപ്പ്.
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാര്‍ഡായ പന്നിയൂര്‍കുളത്ത് ക്രമനമ്പര്‍ 480ല്‍ ടി. സിദ്ദീഖ് ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 25 ഓണവയലില്‍ ക്രമ നമ്പര്‍ 799 ലും അദ്ദേഹത്തിന് വോട്ടുണ്ടെന്നാണ് ആരോപണം. രണ്ടാം തീയതിക്കുള്ളില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എംഎല്‍എ അത് ചെയ്തിട്ടില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു .