കൊല്ലം: ഹോം വർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം. ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത് . പരാതി നൽകിയിട്ടും പൊലീസോ ചൈൽഡ് ലൈനോ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മൂന്നാം ക്ലാസുകാരനായ കുട്ടി ഹോം വർക്ക് ചെയ്യാത്തതിൽ ക്ഷുഭിതനായ മലയാളം അധ്യാപകൻ, കുട്ടിയുടെ കൈ അമർത്തി പിടിച്ച് ക്രൂരമായി തല്ലുകയായിരുന്നു. ക്ലാസ് മുറിയിൽ കുട്ടി ഉറക്കെ കരഞ്ഞിട്ടും അധ്യാപകൻ മർദനം തുടർന്നെന്നാണ് പരാതി. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്.
പരാതി നൽകിയിട്ടും പൊലീസോ ചൈൽഡ് ലൈനോ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒളിവിൽ പോയ മലയാളം അധ്യാപകൻ വിനായകനെതിരെ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. വിവിധ വിദ്യാർഥി സംഘടനകൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തി.