ഡൽഹി: ത്രിലോക്പുരിയിൽ 17 വയസുള്ള വിദ്യാർഥിയെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ചേർന്ന് തല്ലിക്കൊന്നു. ഇന്ദ്ര ക്യാമ്പിൽ താമസിക്കുന്ന മോഹിത് എന്ന 11-ാം ക്ലാസ് വിദ്യാർഥിയാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്. കുട്ടികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജനുവരി 5 നാണ് കേസിനാസ്‌പദമായ സംഭവം. മോഹിതും ഗ്രാമത്തിലുള്ള മറ്റൊരു കുട്ടിയുമായി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം വൈകുന്നേരം മോഹിതും സുഹൃത്തുക്കളും ത്രിലോക്പുരിയിലായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം പിന്നീട് കയ്യാങ്കളിയായി.
മോഹിതിനെ നിരവധി കുട്ടികൾ ചേർന്ന് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി ദൃക്‌സാക്ഷി പറയുന്നു. 17കാരൻ നിലത്തു വീണതിനുശേഷവും ആക്രമണം തുടർന്നു. ഇടപെടാൻ ശ്രമിച്ച ദൃക്‌സാക്ഷിക്കും പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് മോഹിത്തിന് സംഭവസ്ഥലത്ത് വച്ചുതന്നെ ബോധം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.
രാത്രി 7.30ഓടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് ധനിയയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വിദഗ്ധ ചികിത്സയ്ക്കായി മോഹിതിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഗുരുതരമായി പരിക്കേറ്റ മോഹിതിന് മൊഴി നൽകാനും കഴിഞ്ഞിരുന്നില്ല.തുടർച്ചയായി വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും, ജനുവരി 6 ന് പുലർച്ചെ 1.15 ന് 17കാരന് ജീവൻ നഷ്ടമായി.
ആക്രമണത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ആറ് കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ, മെഡിക്കൽ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മരണകാരണം വ്യക്തമാകും.