എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത അധ്യാപക ജോലി അനര്‍ഹര്‍ തട്ടിയെടുക്കുന്നു; പരാതിയുമായി കാഴ്ച പരിമിതരുടെ സംഘടന

മാര്‍ക്കിൽ ഇളവ് ലഭിക്കാന്‍ കൂടിയാണ് ആശുപത്രികളെയും ഡോക്ടര്‍മാരെയും സ്വാധീനിച്ച് വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയെടുക്കുന്നതെന്നാണ് ആരോപണം
ഡോ. സി ഹബീബ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെെന്റ് പ്രസിഡന്റ്
ഡോ. സി ഹബീബ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെെന്റ് പ്രസിഡന്റ്
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത അധ്യാപക ജോലി അനര്‍ഹര്‍ തട്ടിയെടുക്കുവെന്ന് പരാതി. ഭിന്നശേഷിക്കാരാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ജോലി തട്ടിയെടുക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കാഴ്ച പരിമിതരുടെ സംഘടന പരാതി നല്‍കി.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ഭിന്നശേഷിക്കാര്‍ക്ക് എയ്ഡഡ് സ്‌കൂളുകളില്‍ തൊഴിലിന് നാല് ശതമാനം സംവരണമുണ്ട്. ഈ സാധ്യത വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അനര്‍ഹര്‍ തട്ടിയെടുക്കുന്നുവെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂണ്‍ 16ന് സംസ്ഥാന വിജിലന്‍സ് കമ്മീഷ്ണര്‍ക്ക് കണ്ണൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. കാഴ്ചപരിമിതിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അനര്‍ഹര്‍ ജോലി തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

ഡോ. സി ഹബീബ്, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലെെന്റ് പ്രസിഡന്റ്
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനെ ചൊല്ലി തർക്കം; നടുവണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിൻ്റെ മർദനം

സര്‍ട്ടിഫിക്കറ്റില്‍ 40 ശതമാനം കാഴ്ച പരിമിതിയുള്ള വ്യക്തിയുടെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെന്നും, സ്‌കൂളിലേക്ക് സ്ഥിരമായി സ്‌ക്കൂട്ടര്‍ ഓടിച്ചാണ് എത്തുന്നതെന്നുമാണ് ആരോപണം. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ജോലി അനര്‍ഹമായി തട്ടിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കാഴ്ച പരിമിതരുടെ സംഘടന പ്രസിഡന്റായ ഡോ. സി ഹബീബ് പറഞ്ഞു.

അനധികൃത നിയമനങ്ങളെ സ്‌കൂള്‍ മാനേജ്‌മെന്റുകളും ന്യായീകരിക്കുകയാണെന്ന് ആരോപണമുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികളില്ലാത്തതാണ് ഭിന്നശേഷിക്കാര്‍ക്ക് നിയമനംനല്‍കാന്‍ തടസ്സമാവുന്നതെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പറയുന്നു. 2017-മുതലുള്ള കണക്കുകള്‍പ്രകാരം ഭിന്നശേഷിക്കാരായ 3008 പേര്‍ക്കാണ് നിയമനം ലഭിക്കേണ്ടിയിരുന്നത്.

എന്നാല്‍ ഇതുവരെ 358 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 1402 ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് കാഴ്ചവൈകല്യം ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മറ്റുള്ളവര്‍ ജോലി തട്ടിയെടുക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് പരാതികള്‍ ഏറെയും.

കെ-ടെറ്റ്, നെറ്റ് ഉള്‍പ്പടെയുള്ള യോഗ്യതാ പരീക്ഷകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മാര്‍ക്കിളവുണ്ട്. ഇത് ലഭിക്കാന്‍ കൂടിയാണ് ആശുപത്രികളെയും ഡോക്ടര്‍മാരെയും സ്വാധീനിച്ച് വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. അനര്‍ഹര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയാന്‍ കര്‍ശന നടപടി വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com