

ഡൽഹി: രാജ്യത്തെ സ്കൂൾ അധ്യാപകർക്ക് ടെറ്റ് യോഗ്യതാ നിർബന്ധമാക്കി സുപ്രീംകോടതി. വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ ശേഷിക്കുന്ന അധ്യാപകരും ടെറ്റ് പാസാകണം. രണ്ട് വർഷത്തിനുള്ളിൽ യോഗ്യതാ പരീക്ഷ പാസാകണമെന്ന നിബന്ധന മൂന്ന് വർഷമാക്കി കോടതി ഉയർത്തി.
ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ അധ്യാപക യോഗ്യതാ പരീക്ഷ പാസാകണമെന്നായിരുന്നു 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധി. ഇതിനെതിരെ സംസ്ഥാന സർക്കാരും അധ്യാപകരുമുൾപ്പെടെ നൽകിയ പുനഃ പരിശോധനാ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള കോടതിയുടെ അസാധാരണ അധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രീംകോടതി അധ്യാപക യോഗ്യത പരീക്ഷ നിർബന്ധമാക്കിയത്. സർവീസിൽ അഞ്ച് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടണമെന്നും, അല്ലാത്തപക്ഷം സർവീസിൽ നിന്നും വിരമിക്കേണ്ടി വരുമെന്നുമായിരുന്നു കോടതിയുടെ സുപ്രധാന വിധി.
ഈ വിധി നിലവിലുള്ള അധ്യാപകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് സുപ്രീംകോടതിയിൽ 45-ഓളം പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്. എന്നാൽ ഹർജികൾ തള്ളിയ കോടതി രണ്ട് വർഷമെന്നത് മൂന്നു വർഷത്തെ കാലാവധിയായി ഉയർത്തി.
വർഷങ്ങളായി ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ അധ്യാപകരുടെ ഭാവി സംരക്ഷിക്കണമെന്നും അവരുടെ സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യാപകർ യോഗ്യതയുള്ളവരാകണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
കെ-ടെറ്റ് നിർബന്ധമാക്കിയ കോടതി വിധിക്കെതിരെ സർക്കാർ നല്‍കിയ റിവ്യൂ ഹർജിയിലെ ആവശ്യങ്ങള്‍
തൊഴിൽ സുരക്ഷ: നിലവിലെ വിധി നടപ്പിലാക്കിയാൽ 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
മുൻകാല പ്രാബല്യം അരുത്: കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് വിരമിക്കൽ വരെ സേവനത്തിൽ തുടരാൻ അനുമതി നൽകണം.
കേരളത്തിൻ്റെ മികവ്: കെ-ടെറ്റ് വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അധ്യാപകരുടെ കാര്യക്ഷമത ഇതിനകം തെളിയിക്കപ്പെട്ടതാണ്.
ഉന്നത യോഗ്യതകൾ: NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ള അധ്യാപകർക്ക് കെ-ടെറ്റിൽ നിന്നും സ്ഥിരമായി ഇളവ് നൽകണം.
അധ്യാപക സമൂഹത്തിന് നീതി ഉറപ്പാക്കാനും പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്.