

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇരുവരും ഒളിവിൽ തുടരുകയാണ്.
ഡെൻ്റൽ കോളേജിലെ എച്ച്.ഒ.ഡിയായ എം.കെ. റാമിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് പുറത്താക്കിയിരുന്നു. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ നിതിൻ രാജിൻ്റെ മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചത് ടീച്ചർക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം വന്നത് കൊണ്ടാണെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ നിതിൻ്റെ കുടുംബം ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. നിതിൻ രാജിൻ്റെ മരണത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണന്റെ പരാതിയിൽ ദേശീയ ദന്തൽ കമ്മീഷൻ ഡെന്റൽ കോളേജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.