കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിരീക്ഷണവുമായി കോടതി. ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. കറുത്ത തുണിയല്ലാതെ മറ്റൊരായുധവും ഉണ്ടായിരുന്നില്ലെന്ന് തലശേരി കോടതി നിരീക്ഷിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ മൊഴി നൽകിയത് ടൗൺ സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരാണ്. വീണാ ജോർജിന്റെ മൊഴിയെടുക്കാത്തത് അസ്വാഭാവികമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു നേതാക്കൾ നാളെ പുറത്തിറങ്ങും. അടുത്ത ബന്ധുക്കൾ ജാമ്യം നിൽക്കണമെന്ന നിബന്ധനയോടെയാണ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ പ്രതിഷേധക്കാർ ചെറിയ ആയുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞതായാണ് സംശയം. ഇത് കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുകയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ കനത്ത സുരക്ഷയിൽ ആയിരുന്നു മന്ത്രി. പ്രവർത്തകരിൽ നിന്ന് ആയുധം കണ്ടെത്തിയിട്ടില്ലെന്നും. ആരോഗ്യനില മോശമായതിനെ തുടർന്ന് മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല എന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഐസിയുവിൽ ഒരു ദിവസം കിടത്തി ചികിത്സ നൽകിയ ശേഷമാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.