കോഴിക്കോട്: താമരശേരിയിലെ യുവതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മരിക്കുന്നതിനു മുമ്പ് ഹസ്ന പങ്കാളിയായ ആദിലിന് അയച്ച ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് യുവതി പറയുന്നത് ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതി സന്ദേശത്തിൽ പറയുന്നുണ്ട്. യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നതിന് പിന്നാലെയാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
ബുധനാഴ്ചയാണ് ഹസ്നയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. താമരശേരി കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്‌ന ( 34). കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു.