കൊച്ചി: കേരളത്തിൽ ഇന്ന് പ്രധാന ചർച്ചാ വിഷയമായ തീവ്രവാദി പരാമർശത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നാണ് വിളിച്ചത്, അല്ലാതെ മതതീവ്രവാദി എന്നല്ല. പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണ്. കോലത്തിൽ കരി ഓയിൽ ഒഴിച്ചാലല്ല എന്നെ കത്തിച്ചാൽ പോലും അഭിപ്രായം മാറ്റില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി ആണെന്നും, പ്രായം പോലും മാനിക്കാതെയാണ് തന്നോട് പെരുമാറിയതെന്നുമായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. നാട്ടുച്ചക്ക് ഈ 89കാരനെ വിചാരണ ചെയ്തത് മര്യാദയാണോയെന്നും, സഹികേട്ടപ്പോൾ തള്ളി, ചവിട്ടിയില്ലല്ലോ എന്നും വെള്ളാപ്പളി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മുന്നിൽ ഇത്തരത്തിൽ മൈക്കുമായി ചെല്ലുമോ?. മതമാണ് വലുതെന്നു പറഞ്ഞ ഷാജിയെ വിചാരണ ചെയ്യുമോ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. തന്നെ കൊല്ലാൻ പലരും നോക്കിയിട്ടുണ്ട്. ഇനിയും എൻ്റെ ചോരക്ക് കൊതിക്കുന്നവരുണ്ടെങ്കിൽ വരാം. തന്നെ പച്ചയായി പിച്ചി തിന്നാൻ ഒരു മാധ്യമം ശ്രമിക്കുന്നു. പക്ഷേ ഒരു ചാനൽ കൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
നീതി പറയുമ്പോൾ ജാതി പറയുന്നുവെന്ന് പറയുന്നു. ലീഗിനൊപ്പം നിന്നതുകൊണ്ടാണ് ലീഗിനെതിരെ പറയുന്നത്. ഒരു മുസ്ലീം സമുദായത്തിനും താൻ എതിരല്ല, പക്ഷേ ലീഗിനെതിരെയാണ്. ആർ. ശങ്കറിനു ശേഷം ഈഴവ സമുദായത്തിന് ആനുപാതികമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചിട്ടില്ല. ഇത് ജനാധിപത്യമല്ലെ, ഇത് മതാധിപത്യമല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
സോദര ചിന്ത ഇല്ലാത്തതാണ് ഇന്നത്തെ പ്രധാന പ്രശ്നം. നമ്മൾ സോദരാ എന്ന് നമ്മൾ വിളിക്കുമ്പോൾ മറ്റുള്ളവർ നമ്മളെ അങ്ങനെ കാണുന്നുണ്ടോ എന്ന് ചിന്തിക്കണം. താൻ എസ്എൻഡിപി യോഗത്തിൽ വഴി തെറ്റി വന്നവനാണ്. തനിക്ക് രാഷ്ട്രീയം ഇല്ല. പ്രശ്നാധിഷ്ഠിതമായി അഭിപ്രായം പറയും. അല്ലാതെ ഞാൻ ഒരു പാർട്ടിയുടെയും വാലോ ചൂലോ അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.