
താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ജാമ്യം അനുവദിച്ചത്. 100 ദിവസമായി ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണെന്ന വാദം പരിഗണിച്ചാണ് ജാമ്യം.
അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ടും ആള്‍ ജാമ്യവും നല്‍കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തേ ഇവരുടെ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് കഴിഞ്ഞ ഫെബ്രുവരി 28നാണ് മരിച്ചത്. ക്രിമിനല്‍ നിയമ സംവിധാനം ലക്ഷ്യമിടുന്നത് പരിവര്‍ത്തനമാണെന്ന് ചൂണ്ടികാട്ടി കോടതി നേരത്തെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശിച്ചിരുന്നു.