അറബിക്കടലിൽ വാൻ ഹായി കപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ബേക്കൽ മുതൽ കൊച്ചിവരെയുള്ള തീരക്കടലിൽ എണ്ണപ്പാട ഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
കത്തികൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് 20000 MT ഫർണസ് ഓയിൽ കടലിൽ പരക്കുവാൻ സാധ്യതയുണ്ട്. ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസാണ് (INCOIS)കേരള തീരത്ത് എണ്ണപ്പാട ഭീഷണി മുന്നറിയിപ്പ് നൽകിയത്. ഇതുമൂലം വൻ പരിസ്ഥിതി പ്രശ്നമുണ്ടാകുമെന്നും കേന്ദ്രസർക്കാരിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
എന്നാൽ അടുത്ത മൂന്ന് നാല് ദിവസത്തേക്ക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കേരള തീരത്ത് എത്താൻ സാധ്യത കുറവാണെന്നും ഇൻകോയിസ് അറിയിച്ചു. അതേസമയം ഇന്ത്യൻ നാവിക സേനയും തീര സംരക്ഷണ സേനയും വാൻ ഹായി കപ്പലിലുണ്ടായ തീ അണയ്ക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിന്നും പുറത്തുവരുന്ന പുക രൂക്ഷമാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.
കൂടുതൽ പൊട്ടിത്തെറിയോടെ കണ്ടെയ്നറുകൾ കടലിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. കണ്ടെയ്‌നറുകളിലുള്ള ചരക്കുകളിലേക്കും തീ പടർന്നു കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ ഉള്ളത്.
എന്നാൽ ഈ മാസം 16ന് ശേഷം കൂട്ടത്തോടെ കണ്ടെയ്നറുകൾ തീരത്ത് അടിയാൻ സാധ്യത ഉണ്ടെന്നാണ് ഇൻകോയിസിൻ്റെ വിലയിരുത്തൽ. കണ്ടെയ്നറുകളുടെ ഗതി അടുത്ത ദിവസങ്ങളിൽ കടലിൻ്റെ ഒഴുക്കിനെ ആശ്രയിച്ചായിരിക്കും. അതീവ ഗുരുതര രാസവസ്തുക്കൾ ഉള്ള 157 കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ട്. ഇതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.