

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണ വിധേയനായ തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് തന്ത്രിയുള്ളത്. നേരത്തെ മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ ആന്‍ജിയോഗ്രാമില്‍ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിശോധിക്കാനാണ് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയിലില്‍ കഴിയുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിലില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആന്‍ജിയോഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും തന്ത്രിക്ക് ജാമ്യം ലഭിച്ചത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതോടെ ബിജെപി തന്ത്രിക്കൊപ്പമാണെന്ന നിലപാട് വ്യക്തമായി.