

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പൂട്ടാനുറച്ച് എസ്ഐടി. കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക കേസിലും കണ്ഠരര് രാജീവരെ പ്രതിചേർക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷിക്കും. തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. തിങ്കളാഴ്ചയാണ് തന്ത്രിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നൽകുക. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി, ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശ പ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി മൗനാനുവാദം നൽകി, ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങളാണ് എസ്ഐടി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുളളത്. എന്നാൽ താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് തന്ത്രിയുടെ പ്രതികരണം.
അതേസമയം, കേസിൽ തന്ത്രി കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജനുവരി 13നണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം രാവിലെയാണ് തന്ത്രിയെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇതിനുശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകിയാണ് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചത്.