
സസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്.
നാളെ (30/05/2025) ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജീല്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമായേക്കാമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ്, കണ്ണൂർ, തൃശൂർ, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത മഴയിൽ സംസ്ഥാനത്തെങ്ങും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളം കാക്കനാട് മനക്കകടവിന് സമീപം റോഡിലേക്ക് വൻമരം കടപുഴകി വീണു. ശക്തമായ മഴയിലും കാറ്റിലും കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് മാർക്കറ്റിന് സമീപം കാറുകളുടെ മുകളിലേക്ക് മരം മറിഞ്ഞു വീണു. ഭൂതത്താൻകെട്ട് ഡാമിൻ്റ 15 ഷട്ടറുകളും ഉയർത്തിയതോടെ പെരിയാറ്റിലെ ജലനിരപ്പുയർന്നു. കനത്ത മഴയിൽ ജില്ലയിൽ മാത്രം 182 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൂന്ന് വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു. കൊച്ചി നഗരത്തിലും വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂക്ഷമാണ്.
ഇടുക്കിയിൽ അസാധാരണ മഴയാണ് പെയ്യുന്നതെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി മുന്നറിയിപ്പ് നൽകി. ഇതുവരെ 620 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 266.3mm മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ജില്ലയിലാകെ വൈദ്യുതി ബന്ധം താറുമാറായ സ്ഥിതിയിലാണ്. വൈദ്യുതി പുനസ്ഥാപിക്കാൻ കെഎസ്ഇബി ഇടപെടുന്നുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. താമരശേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. നാദാപുരത്ത് മരം കടപുഴകി വീണ് മൂന്ന് വീടുകൾ തകർന്നു. കുമ്മങ്കോട്ടെ പറമ്പൻ കുളങ്ങരത്താഴ താമസിക്കുന്ന മൂന്നു വയോധികരുടെ വീടാണ് മരം വീണ് തകർന്നത്. കനത്ത മഴയിൽ വിലങ്ങാട് പുഴയിൽ ജലനിരപ്പ് ഉയർന്നു. കണ്ണൂർ വലിയന്നൂരിലും ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി.
ശക്തമായ കാറ്റിൽ ആലപ്പുഴ തകഴി റെയിൽവേ ഗേറ്റിനരികിൽ മരം വീണു. അര മണിക്കൂറോളം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിൽ മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ആങ്ങാമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിൻ്റെയും, പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.