മലയാളത്തിലേക്ക് ഇമ്പമുള്ള വാർത്താസംസ്കാരം കടന്നുവന്നതിന്റെ വാർഷികമാണ് ഈ ദിവസം. അതെ കനിവും കരുണയും കാതലുമുള്ള വാർത്തകളുമായി ന്യൂസ് മലയാളം കേരളത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് ഒരാണ്ട്.
2024 മേയ് 29. കേരളം അതുവരെ പരിചയപ്പെടാത്ത വാർത്താരീതി അവതരിച്ച ദിവസമായിരുന്നു അത്. ശാന്തമായ ഈ വാർത്താ മുറികളിൽ നിന്നാണ് സ്തോഭവും ക്ഷോഭവും കൊള്ളുന്ന ജനതയുടെ വികാരങ്ങൾ പുറംലോകത്തെത്തിയത്. അവതാരകരായിരുന്നില്ല രോഷം കൊണ്ടത്, ഈ ജനതയായിരുന്നു. അവതാരകരായിരുന്നില്ല പരിഭവം പറഞ്ഞത്, ഈ നാടായിരുന്നു. പ്രകൃതിക്ഷോഭങ്ങളിൽ നാടു വിറങ്ങലിച്ചപ്പോൾ ഞങ്ങൾ സധൈര്യം അവിടെയുണ്ടായിരുന്നു.
കുറഞ്ഞകാലംകൊണ്ടു തന്നെ പ്രേക്ഷകപ്രീതിനേടാൻ ഇങ്ങനെ കാരണങ്ങൾ അനേകമുണ്ടായിരുന്നു. ഞങ്ങൾ ബഹളങ്ങൾ ഉണ്ടാക്കിയില്ല എന്നേയുള്ളു, അഭിമാനിക്കാൻ കാരണങ്ങൾ അനേകമുണ്ടായിരുന്നു. വാർത്തകൾ വന്നത് സർവം തികഞ്ഞ സാങ്കേതികസാമ്രാജ്യത്തിൽ നിന്നായിരുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള എക്സ്റ്റൻഡഡ് റിയാലിറ്റി എന്ന എക്സ് ആർ സങ്കേതം ഈ വാർത്താമുറിയിലാണ് പിറവികൊണ്ടത്.
നേതാക്കൾ മനസ്സു തുറന്നത് ന്യൂസ് മലയാളം വഴിയാണ്. പെരുന്നാളുകളിലും പൂരങ്ങളിലും ഞങ്ങളുണ്ടായിരുന്നു മുൻനിരയിൽ. വാർത്തയുടെയും വർത്തമാനങ്ങളുടെയും വിശ്വാസ്യതയുടെയും ഇടമാണ് ന്യൂസ് മലയാളം. കഴിഞ്ഞ ഒരുവർഷം കൊണ്ട് ഞങ്ങൾ നേടിയെടുത്തത് കേരളത്തിന്റെ കരുതലാണ്. നന്ദി ലോകമെങ്ങുമുള്ള മലയാളികളോടാണ്.