

കൊച്ചി: മെൻ്റലിസ്റ്റ് ആദിയും സംഘവും 35 ലക്ഷം രൂപ തട്ടിയെടുത്തത് കബളിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണെന്ന് പരാതിക്കാരനായ ബെന്നി വാഴപ്പള്ളി ന്യൂസ് മലയാളത്തോട്. പണം തിരികെ ചോദിച്ചപ്പോൾ കേരള പൊലീസിൻ്റെ സഹായിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്, എന്നാൽ പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായിരുന്നുവെന്നും ബെന്നി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി. സംഭവത്തിൽ മെൻ്റലിസ്റ്റ് ആദിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിന്നു. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. മെൻ്റലിസ്റ്റ് ആദിക്കും മറ്റ് മൂന്നു പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിപാടിയുടെ പേരിൽ പരാതിക്കാരനിൽ നിന്നും രണ്ട് ഘട്ടമായി പണം വാങ്ങുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പരിപാടിയിൽ നിക്ഷേപിച്ചാൽ ആ പരിപാടിയുടെ ലാഭവിഹിതത്തിൽ മൂന്നിലൊരു ശതമാനവും നിക്ഷേപത്തുകയും തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ആദ്യ ഗഡുവായി 23 ലക്ഷം രൂപയും രണ്ടാമതായി 12 ലക്ഷം രൂപയും നൽകിയതായും പരാതിയിലുണ്ട്.
കേസിൽ ഒന്നാം പ്രതിയാണ് ആദി. കണ്ണൂരിലുള്ള പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും ഇടപ്പള്ളിയിലുള്ള അക്കൗണ്ടിലേക്കാണ് രണ്ട് ഘട്ടമായി പണം അയച്ചതെന്നും പരാതിയിൽ വിശദീകരിക്കുന്നു. ലാഭവിഹിതമോ നിക്ഷേപത്തുകയോ തിരികെ ലഭിക്കാതെ വന്നതിന് പിന്നാലെയാണ് പരാതിക്കാരൻ ആദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.