തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ലഹരിക്കേസിലെ തൊണ്ടിമുതൽ കാണാനില്ല. കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ലഹരിവസ്തുക്കൾ ആണ് കാണാതായത്. തൊണ്ടിമുതൽ കാണാതായതിനെതുടർന്ന് സീനിയർ സിപിഒ ബിജു കുമാറിനെതിരെ പൊലീസ് കേസെടുത്തു.
2018ലാണ് എറണാകുളം കടവന്ത്ര സ്വദേശി മുഹമ്മദ് മിറാജുദീൻ തിരുവനന്തപുരം കഴക്കൂട്ടത്ത് മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 500 മില്ലി ഗ്രാം എൽഎസ്ഡിയും 115 മില്ലി ഗ്രാം ഹാഷിഷും പിടിച്ചെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ലഹരിവസ്തുക്കൾ, അന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു.
പരിശോധന കഴിഞ്ഞ് 2018 ജൂലൈ 11ന് ലബോറട്ടറി ഡയറക്ടർ തൊണ്ടിമുതൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു കുമാറിന്റെ പക്കൽ കോടതിയിൽ ഹാജരാക്കാൻ ഏൽപിച്ചു. തന്റെ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ മുഹമ്മദ് മിറാജുദീൻ കോടതിയിൽ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. കോടതിയിലെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽ എൽഎസ്ഡിയും ഹാഷിഷും കാണാനില്ല.
ലബോറട്ടറിയിൽ നിന്ന് തൊണ്ടിമുതൽ കോടതിയിൽ തിരിച്ചെത്തിയിട്ടില്ല എന്നാണ് തൊണ്ടി സൂക്ഷിക്കുന്ന കോടതിയിലെ ക്ലർക്കിന്റെ മൊഴി. ഇതോടെ സീനിയർ സിപിഒ ബിജു കുമാറിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തൊണ്ടിമുതൽ കാണാതായതോടെ മുഹമ്മദ് മിറാജിനെതിരായ തുടരന്വേഷണവും പരിശോധനയും വഴിമുട്ടിയ നിലയിലാണ്.