കൊച്ചി: മുഖ്യമന്ത്രി ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്കായി പുതിയതന്ത്രമൊരുക്കി അണികൾ. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപെട്ട് എറണാകുളത്തെ പ്രദേശിക കോൺഗ്രസ് നേതാക്കൾ അഭ്യർഥന പുറത്തിറക്കി. 26ാം വയസിൽ മന്ത്രിയായ രമേശ് ചെന്നിത്തല തന്നെയാണ് മുഖ്യമന്ത്രിയാകാൻ കേമനെന്നാണ് അഭ്യർഥനയിലുള്ളത്. നിരവധി യുവാക്കളെ നേതൃസ്ഥാനത്ത് എത്തിച്ച ചെന്നിത്തലയ്ക്ക് കേരളത്തെ വളർച്ചയുടെ കൊടുമുടിയിൽ എത്തിക്കാൻ കഴിയുമെന്നും അഭ്യർത്ഥനയിൽ പറയുന്നുണ്ട്.
എംപി, അഖിലേന്ത്യ കോൺഗ്രസ് സെക്രട്ടറി, ഉജ്ജ്വലനായ കെപിസിസി പ്രസിഡൻ്റ്, അഖിലേന്ത്യ കോൺഗ്രസ് വർക്കിങ് കമ്മിറ്റി മെമ്പർ, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു.
കേരളത്തിലെ അനേകം ചെറുപ്പക്കാരെ എൻഎസ്‌യു, കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും തുടർന്ന് എംഎൽഎയും എംപിയും അഖിലേന്ത്യ സംസ്ഥാന കോൺഗ്രസ് ഭാരവാഹികളും ആക്കി വളർത്തി വലുതാക്കുവാനും രമേശ് ചെന്നിത്തലയ്ക്ക് മാത്രമേ കഴിഞ്ഞുള്ളൂവെന്നും അഭ്യർത്ഥനയിൽ പറയുന്നു. കേരളത്തിൻ്റെ ഭരണ നായകത്വം കോൺഗ്രസ് അദ്ദേഹത്തിൽ ഏൽപ്പിക്കണമെന്നും അഭ്യർത്ഥനയിൽ പറയുന്നു.