

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി സുഹൈലിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. സുഹൈൽ കാറിൽ സഞ്ചരിച്ചിരുന്നത് 120 കിലോമീറ്റർ വേഗതയിലാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കാർ സ്കൂട്ടറിൽ ഇടിച്ചത് മാത്രമേ തനിക്ക് ഓർമ്മയുള്ളൂവെന്ന് സുഹൈൽ പോലീസിനോട് പറഞ്ഞു. ബ്രേക്ക് ചവിട്ടിയിട്ട് കാർ നിന്നില്ലെന്നും, സ്കൂട്ടറുമായി കുറച്ച് ദൂരം കാർ മുന്നോട്ട് പോയെന്നും പ്രതി സമ്മതിച്ചു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതിയുടെ ഏറ്റുപറച്ചിൽ.
അതേസമയം സുഹൈൽ സജീവിനെ അങ്കമാലിയിലെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മർദനമേറ്റു. മരണപ്പെട്ടവരുടെ ബന്ധുകളാണ് പ്രതി സുഹൈൽ സജീവിനെ മർദിച്ചത്. തുടർന്ന് പൊലീസ് വലയം തീർത്ത് പുറത്തെത്തിച്ചു. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമയുടെ മകനാണ് സുഹൈൽ സജീവ്.
നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിലാണ് ഇന്ന് പുലർച്ചെ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.
ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.