

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. സംഘം മണ്ണിടിച്ചിൽ മേഖലയിൽ വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറും.
ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് നടത്തുക. അതേസമയം മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു.
നിർമാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അധികൃതർ. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. മുന്നൂറിലധികം വരുന്ന തൊഴിലാളികളിൽ ഭൂരിഭാഗം ആളുകളും പ്രദേശത്തെ താൽക്കാലിക ക്വാട്ടേഴ്‌സുകളിൽ താമസിച്ചായിരുന്നു നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്.