തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെ വീണ്ടും നാടകീയ രംഗങ്ങൾ. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ്റെ നിയമനം സിൻഡിക്കേറ്റ് റദ്ദാക്കി. പകരം ചുമതല ജോയിൻറ് രജിസ്ട്രാർ രശ്മി ആറിന് നൽകി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലായിരുന്നു നിർണായക തീരുമാനം.
ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച സിൻഡിക്കേറ്റ് യോഗത്തിൽ വലിയ പ്രതിഷേധമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. യോഗത്തിൽ പങ്കെടുക്കാനെത്തിയ മിനി കാപ്പൻ ആരെന്ന ചോദ്യം അംഗങ്ങൾ ഉന്നയിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ആണെന്നായിരുന്നു വൈസ് ചാൻസലറുടെ മറുപടി. തുടർന്ന് മിനി കാപ്പനെ നിയോഗിച്ച തീരുമാനം വിസി സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രജിസ്ട്രാർ നിയമനം സിൻഡിക്കേറ്റിന്റെ അധികാരമാണെന്നും വിസിയുടെ നടപടി ചട്ടവിരുദ്ധമെന്നും ഇടത് അംഗങ്ങൾ വാദിച്ചു.
തുടർന്ന് മിനി കാപ്പൻ്റെ നിയമനം റദ്ദാക്കിയ സിൻഡിക്കേറ്റ് പകരം ചുമതല കാര്യവട്ടം ക്യാമ്പസിലെ ജോയിൻ്റ് രജിസ്ട്രാർ രശ്മി ആറിന് നൽകി. ഇതോടെ വിദ്യാർഥി സംബന്ധമായ വിഷയങ്ങൾ പരിഗണിക്കുന്നതിലേക്ക് യോഗം കടന്നു. രജിസ്ട്രാർ കെ. എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ വിഷയം യോഗം പരിഗണിച്ചില്ല. അനിൽകുമാറിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സാങ്കേതികമായി വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ പ്രശ്നമുള്ളതിനാലാണ് വിഷയം മാറ്റിവെച്ചത്. പുതിയ തീരുമാനത്തോടെ സർവകലാശാല നേരിടുന്ന ഭരണ പ്രതിസന്ധിക്ക് പരിഹാരമാകാനാണ് സാധ്യത.