മലപ്പുറം: നിലമ്പൂർ മാരിയമ്മൻദേവീ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കള്ളൻ പണം കവർന്നു. സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.
നിലമ്പൂർ ടൗണിനോട് ചേർന്നാണ് മാരിയമ്മൻ ദേവീ ക്ഷേത്രo സ്ഥിതിചെയ്യുന്നത്. ക്ഷേത്രജീവനക്കാരി രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലാക്കുന്നത്. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നിരിക്കുന്നതും ജീവനക്കാരിയുടെ ശ്രദ്ധയിൽപെട്ടു. മോഷണ വിവരം ഉടൻ തന്നെ ക്ഷേത്രഭാരവാഹികളെ അറിയിച്ചു.
തുടർന്ന് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി പൊലീസിനെ വിവരമറിയിച്ചു. മാരിയമ്മൻ ക്ഷേത്രത്തിലെത്തിയ പൊലീസ് ക്ഷേത്രവും പരിസരവും വിശദമായി പരിശോധിച്ചു. ക്ഷേത്രത്തിലെ സിസിടിവിയിൽ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10.30യ്ക്കാണ് കവർച്ച നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. 35,000 രൂപ മോഷണം പോയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. അന്വേഷണം നടക്കുകയാണെന്നും കള്ളനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.