തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടർ പട്ടികയിലും വോട്ടർമാരുടെ എണ്ണത്തിലും ക്രമക്കേട് ആരോപിച്ച് ബിജെപി. കോർപ്പറേഷനിൽ മാത്രം ഏഴായിരത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് ബിജെപി ആരോപണം. ക്രമക്കേടുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. എന്നാൽ വോട്ടർ പട്ടികയിലെ അപാകതകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽ പെടുത്തയിട്ടുണ്ടെന്ന് എൽഡിഎഫും യുഡിഎഫും പറയുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വ്യാപക പരാതികളാണ് രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ പല വാർഡുകളിലും ജനസംഖ്യയേക്കാൾ കൂടുതൽ വോട്ടർമാരെന്നാണ് പരാതി. വാർഡ് വിഭജനത്തിന് ശേഷം കണക്കാക്കിയ ജനസംഖ്യയിൽ നിന്ന് ഇരട്ടിയോളം ആളുകളാണ് പലയിടത്തും കരട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഒരേ തിരിച്ചറിയൽ കാർഡ് നമ്പറിൽ ഒന്നിലധികം വോട്ടർമാർ, ഒരാൾക്ക് തന്നെ രണ്ട് തിരിച്ചറിയൽ കാർഡ് നമ്പർ, ഒരേ പേര്, രക്ഷകർത്താവ്, വീട്ടുനമ്പർ, എന്നിവയുള്ള ഒന്നിലധികം വോട്ടർമാർ, അവർക്ക് വ്യത്യസ്തമായ തിരിച്ചറിയൽ കാർഡുകൾ. ഇത്തരത്തിൽ കോർപ്പറേഷനിലെ പതിമൂന്ന് വാർഡുകളിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
പ്രശ്നങ്ങൾ കൂടുതലും തീരദേശ വാർഡുകളിലാണെന്നാണ് ബിജെപിയുടെ ആരോപണം. വലിയതുറയിൽ ആകെയുള്ള ജനസംഖ്യ 8,617 ആണ്.പക്ഷേ കരട് പട്ടികയിൽ 11,173 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോർട്ട് വാർഡിലെ ജനസംഖ്യ 9106യാണ്. എന്നാൽ വോട്ടർമാരുടെ എണ്ണം 11,892ആണ് ഉള്ളത്. സമാന സാഹചര്യം വിഴിഞ്ഞത്തും ഉണ്ടായിട്ടുണ്ട്. 8617 ആണ് ജനസംഖ്യയെങ്കിൽ വോട്ടർമാരുടെ എണ്ണം 12,003 ആണ് പട്ടികയിൽ ഉള്ളത്.
സിപിഐഎം നേതാക്കളും ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരും ചേർന്നുള്ള അട്ടിമറിയാണ് ഇതെന്നാണ് ബിജെപി ആരോപിക്കുന്നത്. കരട് പട്ടികയ്ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്കും ബിജെപി പരാതി നൽകിയിട്ടുണ്ട്.ബിജെപിയുടെ ആരോപണത്തെ യുഡിഎഫും പിന്തുണയ്ക്കുന്നു.വാർഡ് പുനർ നിർണയത്തിന് സമാനമായ രീതിയിൽ അശാസ്ത്രീയമാണ് കരട് വോട്ടർ പട്ടികയുമെന്നാണ് ആക്ഷേപം.