തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിന് വിട്ടുനൽകില്ലെന്ന തീരുമാനവുമായി ബിജെപി. എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിൽ നാല് ജനറൽ കമ്മിറ്റികളിലേക്ക് ബിജെപി സ്ഥാനാർഥികൾ വിജയിക്കുന്ന തരത്തിലായിരിക്കും അംഗങ്ങളുടെ വിന്യാസം. മുതിർന്ന ബിജെപി നേതാക്കളായ എം.ആർ. ഗോപൻ, ചെമ്പഴന്തി ഉദയൻ, കരമന അജിത്ത് എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായി.
ഒരു സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ബിജെപിക്ക് പിന്തുണ നൽകിയ കണ്ണമൂല വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണനെയും പരിഗണിക്കുന്നുണ്ട്. സ്വതന്ത്രന് അധ്യക്ഷ സ്ഥാനം നൽകേണ്ട എന്ന തീരുമാനമുണ്ടായാൽ പാപ്പനംകോട് സജി, വി.ജി. ഗിരികുമാർ എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കും.
വനിതാ സംവരണമുള്ള 3 സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് ആർ.സി. ബീന, സിമി ജ്യോതിഷ്, ജയ രാജീവ് എന്നിവരെയാണ് പരിഗണിക്കുന്നത്. സംവരണമുള്ളതിനാൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥാണ്. കഴിഞ്ഞ ഭരണസമിതി കാലയളവിലും പ്രതിപക്ഷത്തിന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ വിട്ടു നൽകേണ്ടെന്നായിരുന്നു എൽഡിഎഫ് തീരുമാനം.