തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്ടർ. സർജറി സമയത്ത് ഗൈഡ് വയർ ഉള്ളിൽ കുടുങ്ങിയെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് കുമാർ സമ്മതിച്ചു. പതിനേഴുകാരിക്ക് അപ്പൻഡിസൈറ്റിസ് സർജറി നടത്തുന്നതിനിടെ ആന്തരിക രക്തക്കുഴൽ പൊട്ടിയെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടർക്കെതിരെ കഴിഞ്ഞ ദിവസം കുടുംബം പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച അത്യാഹിത വിഭാഗത്തിൽ അപ്പൻഡിസൈറ്റിസിന് ചികിത്സ തേടിയ 17കാരിയുടെ ശസ്ത്രക്രിയയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. ശസ്ത്രക്രിയ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോക്ടർ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ചെയ്യവെ ആന്തരിക രക്തക്കുഴൽ പൊട്ടുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ നിന്ന് വാസ്ക്കുലർ സർജനെ എത്തിച്ചാണ് ഗുരുതരാവസ്ഥ മറികടന്നത്. പിന്നീട് തൊളിക്കോട് സ്വദേശിയായ 17കാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകി. ഗുരുതരാവസ്ഥ മാറിയതിനു പിന്നാലെ ഇന്ന് രോഗിയെ ജനറൽ ആശുപത്രിയിലേക്ക് തന്നെ തിരികെ അയച്ചു.
ഇതേ ഡോക്ടർക്ക് 2023ലും ശസ്ത്രക്രിയ പിഴവ് ഉണ്ടായതായി ആശുപത്രിയുടെ ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. 23കാരിക്ക് തൈറോയ്ഡിന് ശസ്ത്രക്രിയ ചെയ്യവേ ഗൈഡ് വയർ എടുക്കാൻ മറന്നു പോയി എന്നായിരുന്നു കണ്ടെത്തല്‍.