ഉത്തർപ്രദേശില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഡോ. അഭിഷോ ഡേവിഡാണ് മരിച്ചത്. ഗോരഖ്‌പൂരിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അനസ്തേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് മരുന്ന് കുപ്പികളും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്.
ഡോ. അഭിഷോ ഡേവിഡ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് ഹോസ്റ്റൽ മുറിയുടെ വാതിൽ പൂട്ടിയിരിക്കുന്നതായി കണ്ടെത്. മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയും അനസ്തേഷ്യ വിഭാഗത്തിൽ ജൂനിയർ റസിഡൻ്റ് ഡോക്ടറുമായിരുന്നു ഇദ്ദേഹം.
ഡേവിഡ് കൃത്യസമയത്ത് എത്താതിരുന്നതിനെ തുടർന്ന് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാറാണ് സ്റ്റാഫിനെ അന്വേഷിക്കാൻ അയച്ചത്. കുറെ സമയം വാതിലിൽ മുട്ടയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയപ്പോൾ കൂടുതൽ സ്റ്റാഫുകളെ വിവരം അറിയിക്കുകയായിരുന്നു.
വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ചനിലയിൽ ഡോക്ടറെ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലൊരു കുറിപ്പും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ പ്രിൻസിപ്പൽ ഡോ. രാംകുമാർ ജയ്‌സ്വാൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. "ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെട്ടതോ, ഹോസ്റ്റൽ ജീവിതവുമായോ, വ്യക്തിപരമായോ, ഏതെങ്കിലും മാനസിക സമ്മർദമോ ബാഹ്യ ഘടകങ്ങളോ എന്ന് പരിശോധിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.