

കോഴിക്കോട്: കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ, ഷാഫി പറമ്പിലിനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിലും ഫ്ലെക്സുകൾ. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഭാഗത്താണ് ഫ്ളക്സ് സ്ഥാപിച്ചിട്ടുള്ളത്. "പ്രവർത്തകർക്ക് കവചം ഒരുക്കിയതിൻ്റെ സമ്മാനമാണ് ഈ ചോര" എന്നാണ് ഫ്ലെക്സിലുള്ളത്. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കണ്ണൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് അവിടെയും ബോർഡുകൾ സ്ഥാപിച്ചത്. കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല എന്നാണ് ഫ്ലക്സ് ബോർഡുകളിൽ പറയുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ കാണപ്പെട്ടത്.
ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വീണ്ടും ഫ്ലക്സ് യുദ്ധത്തിലേക്ക് പോയിരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി വലിയ ഫ്ലക്സ് യുദ്ധം കോണ്‍ഗ്രസിൽ അരങ്ങേറിയിരുന്നു. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾക്കു പിന്നാലെയാണ് കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങളുടെ തുടക്കം. ഷാഫി എ ഗ്രൂപ്പ് അല്ലെന്നും എ ഗ്രൂപ്പാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ രക്ഷിക്കാൻ അന്ന് താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായത്. മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ടു ഓടി ഒളിച്ചെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിൽ പുതിയ പോർമുഖം തുറന്നു.