എറണാകുളം: യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സംസാരിച്ചതിന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി സന്ദേശം. വിദേശത്ത് നിന്നടക്കം നിരവധി ഭീഷണി കോളുകൾ വന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തനിക്ക് വന്ന ഒരു കാളിൽ ദിലീപിനെതിരെ ഇനി സംസാരിക്കുമോ എന്ന് ചോദിച്ചുവെന്ന് ഭാഗ്യലക്ഷ്മി ന്യൂസ് മലയാളത്തോട് പറഞ്ഞു. സംസാരിക്കുമെന്ന് മറുപടി നൽകിയപ്പോൾ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം വന്ന കാളിന് പിന്നാലെ വിദേശത്ത് നിന്നടക്കം നിരവധി ഭീഷണി കോളുകൾ വന്നു. ഒരു നമ്പർ ഫ്രോഡ് എന്നാണ് ട്രൂകാളറിൽ കാണിച്ചത്. ആ നമ്പറുകളിൽ നിന്നുള്ള കാളുകൾ താൻ അറ്റൻഡ് ചെയ്തില്ല. ഇത്തരത്തിൽ വരുന്ന ഭീഷണികൾ ദിലീപ് പണം നൽകുന്നവർ ആണെന്ന് സംശയിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ദിലീപാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ക്വട്ടേഷൻ കൊടുക്കാൻ ദിലീപ് മിടുക്കനാണ്. നടി ആയതുകൊണ്ടല്ല പോരാടുന്നത് ഒരു സ്ത്രീക്ക് വേണ്ടിയാണ്. അവൾക്കൊപ്പം നിൽക്കുന്ന മറ്റുള്ള ആളുകൾക്കിടയിൽ ഭയം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. അത് ഉണ്ടാകാൻ പാടില്ല, അതിനാണ് ഇപ്പോൾ പരാതി നൽകുന്നത്. സിനിമയിൽ പലർക്കും അവൾക്കൊപ്പം നിൽക്കാൻ ഭയമാണ്. അതാണ് പലരുടെയും നിശബ്ദതയ്ക്ക് കാരണം. നിലനിൽപിന് വേണ്ടിയാണ് ആരും ഒന്നും തുറന്നു പറയാത്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.